കോന്നി: കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിങ് സെന്ററിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ് നേരെ ഉരുണ്ട് റോഡിലൂടെ റോഡിനു എതിർദിശയിലെ ഹോട്ടലിലേക്ക് ഇടിച്ചു കയറി. വലിയ അപകടം ഒഴിവായി.
സ്റ്റാർട്ടിങ്ങിൽ ഹാൻഡ് ബ്രേക്കിട്ട് നിർത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് താഴേക്ക് ഉരുണ്ട് പോവുകയായിരുന്നു. കോന്നി – ഊട്ടുപാറ സർവ്വീസ് നടത്തുന്ന ബസാണ് ഉരുണ്ട് പോയത്. നടപ്പാതയിലെ കൈവരിയും ഇലക്ട്രിക് പോസ്റ്റും ഇടിച്ചിട്ട വാഹനം ഹോട്ടലിന്റെ മുൻവശത്തെ ക്യാബിനും തകർത്താണ് നിന്നത്. സംസ്ഥാനപാത ക്രോസ് ചെയ്താണ് ബസ് റോഡിന് മറുവശത്തേക്ക് പോയത്. കെ എസ് ആർ ടി സി ബസിന്റെ മുൻവശത്തെ ചില്ല് ഉടയുകയും ചെയ്തു. തിരക്കേറിയ പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെയാണ് ബസ് ഉരുണ്ട് നീങ്ങിയത്. ഈ സമയം റോഡിലൂടെ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതാണ് അപകടം ഒഴിവാക്കിയത്. ബസ് വരുന്നത് കണ്ട് ഓടി മാറിയതിനാൽ കടയുടെ മുന്നിൽ നിന്നവർ രക്ഷപെട്ടു..


