pathanamthitta – എന്റെ കേരളം പ്രദർശന – വിപണന മേളയ്ക്ക് നാളെ (12) ജില്ലാ സ്‌റ്റേഡിയത്തിൽ തുടക്കമാകും
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഏഴു ദിവസത്തെ എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് നാളെ (12) തുടക്കമാകും.
സാംസ്‌കാരികഘോഷയാത്ര
ഉദ്ഘാടനത്തിനു മുന്നോടിയായി വൈകുന്നേരം നാലിന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽനിന്നു ജില്ലാ സ്റ്റേഡിയത്തിലേക്ക് വർണാഭമായ സാംസ്‌കാരികഘോഷയാത്ര സംഘടിപ്പിക്കും. വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലുള്ള കലാരൂപങ്ങൾ ഘോഷയാത്രയ്ക്കു പൊലിമ കൂട്ടും.
ജില്ലാതല ഉദ്ഘാടനം
വൈകുന്നേരം 5.30ന് ജില്ലാ സ്റ്റേഡിയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി., എം.എൽ.എമാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാർ, അഡ്വ. പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, നഗരസഭാധ്യക്ഷൻ അഡ്വ. ടി. സക്കീർ ഹുസൈൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, പൊതുമേഖലാ സ്ഥാപന സാരഥികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
ഇരുനൂറിലേറെ സ്റ്റാളുകൾ
ആകെ 70,139 ചതുരശ്ര അടി സ്ഥലത്താണ് പന്തൽ ഒരുക്കിയിട്ടുള്ളത്. ഇരുനൂറിലേറെ സ്റ്റാളുകൾ, ഉദ്ഘാടന-സമാപന ചടങ്ങുകളും കലാപരിപാടികളും നടക്കുന്ന ഓഡിറ്റോറിയം, രുചികരവും വൈവിധ്യപൂർണവുമായ വിഭവങ്ങൾ ലഭ്യമാകുന്ന ഫുഡ് കോർട്ട് എന്നിവ മേളയുടെ പ്രധാന ആകർഷണമാണ്. കിഫ്ബിയാണ് മേള നടത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.
വൈവിധ്യമേറിയ പ്രദർശനം
കേരളം ഒന്നാമത് പ്രദർശനം, ടൂറിസം പവലിയൻ, കിഫ്ബി വികസന പ്രദർശനം, ബിടുബി മീറ്റ്, അമ്യൂസ്‌മെന്റ് ഏരിയ, ഡോഗ് ഷോ, സെൽഫി പോയിന്റ്, സ്‌പോർട്‌സ് ഏരിയ, നവീനസാങ്കേതിക വിദ്യകളുടെ പ്രദർശനം, കാർഷിക- വാണിജ്യമേള, കുടുംബശ്രീ ഭക്ഷ്യമേള, തത്സമയമത്സരങ്ങൾ തുടങ്ങിയവ മേളയുടെ ആകർഷണങ്ങളാണ്.
എന്റെ കേരളം മേളയിൽ നാളെ (മേയ് 12)
ജില്ലാ സ്‌റ്റേഡിയത്തിൽ രാവിലെ പരിപാടികൾക്ക് തുടക്കമാകും. രാവിലെ 11ന് പോലീസ് വകുപ്പിന്റെ സെമിനാർ-ഞാൻ തന്നെയാണ് പരിഹാരം: സാമൂഹികപ്രതിബദ്ധതയും സുസ്ഥിര ഉപഭോഗവും. ഉച്ചകഴിഞ്ഞ് രണ്ടിന് പോലീസിന്റെ സാംസ്‌കാരിക പരിപാടികൾ. ഉച്ചകഴിഞ്ഞ് മൂന്നിന് ആറന്മുള പള്ളിയോട സേവാസംഘത്തിന്റെ വഞ്ചിപ്പാട്ട്. രാത്രി ഏഴിന് പ്രശസ്ത ചലച്ചിത്രപിന്നണി ഗായിക മഞ്ജരിയുടെ ഗാനമേള.
What do you feel about this post?
Like
Love
Happy
Haha
Sad

