പത്തനംതിട്ട – ജില്ലയിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായ ഗവിയും ഇനി മൊബൈൽ ഫോണിന്റെ പരിധിക്ക് ഉള്ളിൽ. വർദ്ധിച്ചു വരുന്ന സഞ്ചാരികളുടെ തിരക്കും ഗവി നിവാസികളുടെ സൗകര്യവും കണക്കിലെടുത്താണ് ബി.എസ്.എൻ.എൽ കവറേജ് ലഭ്യമാക്കിയിരിക്കുന്നത്. 3ജി, 4ജി ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭിക്കുന്ന ബി.എസ്.എൻ.എല്ലിന്റെ ടവർ നിർമ്മാണം മീനാറിൽ പൂർത്തിയായി. പരീക്ഷണമെന്ന നിലയിൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കി. 4ജി സേവനങ്ങൾക്കായി ജില്ലയിൽ സജ്ജമാക്കുന്ന നാൽപ്പത് ടവറുകൾക്കൊപ്പം ഇതും വൈകാതെ കമ്മിഷൻ ചെയ്യും. ഇവിടെ താമസിക്കുന്ന 350 കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും പോലീസ്, വനംവകുപ്പ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കും ഇത് ഏറെ സഹായകമാകും.
ജില്ലാ ആസ്ഥാനത്ത് നിന്ന് നൂറു കിലോമീറ്റർ അകലെ പെരിയാർ ടൈഗർ റിസർവിലാണ് ഗവി. വനംവകുപ്പിന്റെ ആങ്ങമൂഴി ചെക്ക്‌പോസ്റ്റ് കടന്ന് മൂഴിയാർ എത്തുമ്പോഴേക്കും മൊബൈൽ ഫോണുകൾക്ക് റേഞ്ച് കിട്ടിയിരുന്നില്ല. വന്യമൃഗങ്ങൾക്കു മുന്നിൽ കുടുങ്ങിയാലും ഗതാഗത തടസമുണ്ടായാലും പുറംലോകത്തെ അറിയിക്കാൻ മാർഗമില്ലായിരുന്നു. വനപാലകരുടെ പട്രോളിങ് ടീം എത്തുന്നതുവരെ കാത്തിരിക്കുകയോ വനംവകുപ്പ് ചെക്ക്‌പോസ്റ്റുകളിൽ നേരിട്ടുചെന്ന് അറിയിക്കുകയോ ചെയ്താണ് പ്രശ്‌നപരിഹാരം കണ്ടിരുന്നത്. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് ഈ മേഖലയിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനും കഴിഞ്ഞിരുന്നില്ല.
ഇക്കാര്യങ്ങൾ ആന്റോ ആന്റണി എം.പി ടെലിഫോൺ അഡ്വൈസറി കമ്മിറ്റിയിൽ ഉന്നയിച്ചതിനെ തുടർന്നാണ് ടവർ നിർമ്മിച്ചത്. ഇപ്പോൾ മൂന്ന് കിലോമീറ്ററിനുള്ളിൽ റേഞ്ച് ലഭിക്കും. അഞ്ച് കിലോമീറ്റർ വരെയാണ് പരിധിയെന്ന് ബി.എസ്.എൻ.എൽ അധികൃതർ പറഞ്ഞു.


