ആറന്മുള – പ്രകൃതി സംരക്ഷണത്തിനും മനുഷ്യാവകാശങ്ങൾക്കും സ്ത്രീ സുരക്ഷക്കും നിരാലംബർക്കും ഒക്കെവേണ്ടി ഒരു മനുഷ്യായുസ്സ് മുഴുവൻ വിട്ടുവീഴ്ചയില്ലാതെ പോരാടിയ ശ്രീമതി. സുഗതകുമാരി ടീച്ചറുടെ നവതിയാഘോഷങ്ങൾ വിപുലമായ പരിപാടികളോടെ ആഘോഷിക്കപ്പെട്ടു. ഒരുവർഷക്കാലം ലോകമാകമാനം വിവിധ പരിപാടികളോടെ സംഘടനകളുടെയും, പ്രമുഖ വ്യക്തികളുടെയും സംഘാടനത്തിൽ നടന്ന വിപുലമായ പരിപാടികളുടെ സമാപന സഭക്ക് ആറന്മുള ശ്രീ വിജയാനന്ദൻ വിദ്യാപീഠം സ്‌കൂൾ അങ്കണം സാക്ഷ്യം വഹിച്ചു. സമാപന സഭയുടെ ഉദ്ഘാടനം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു. നവതിയാഘോഷ സമിതിയംഗമായ ശ്രീ പന്ന്യൻ രവീന്ദ്രൻ മുൻ എംപി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു. പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ. ആനന്ദബോസ്, നവതിയാഘോഷ കമ്മറ്റി ചെയർമാനായ ശ്രീ. കുമ്മനം രാജശേഖരൻ, നവതിയാഘോഷ അംഗമായ ഡോ. ഇന്ദിരാ രാജൻ, ഡോ. എംവി പിള്ള, പികെ കൃഷ്ണദാസ്, പിആർ ഷാജി, അജയകുമാർ വല്ലുഴത്തിൽ തുടങ്ങി പ്രമുഖരുടെ സാന്നിദ്ധ്യം സമാപന സഭക്ക് മിഴിവേകി.

ഉദ്ഘാടന പ്രസംഗം മലയാളത്തിൽ ആരംഭിച്ച കേന്ദ്ര മന്ത്രി , മലയാളികളുടെ സംസ്കൃതത്തിൽ അടക്കം വിവിധ ഭാഷകളിലെ പ്രാവിണ്യത്തെ പുകഴ്ത്തിയും, പ്രകൃതി സംരക്ഷണത്തിനായി സുഗതകുമാരി ടീച്ചർ നടത്തിയ പോരാട്ടം ആറന്മുളയിലെ ജനങ്ങളിലൂടെ നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. നവതി ആഘോഷകമ്മിറ്റി ചെയർമാൻ കൂടിയായ കുമ്മനം രാജശേഖരൻ, സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സുഗതസൂക്ഷ്മവനം പദ്ധതി സമ്മതപത്രം ഡോ.ഇന്ദിര രാജനിൽനിന്ന് സ്വീകരിച്ചു.
സമാപന സഭാ പരിപാടികൾ രാവിലെ 9.30-ന് സുഗത കാവ്യമഞ്ജരി. പ്രമുഖ കവികളും സാഹിത്യകാരൻമാരും പങ്കെടുത്തു.. പ്രൊഫ.വി.മധുസൂദനൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു.. ഗാനരചയിതാവ് രാജീവ് ആലുങ്കൽ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാൻ, കവി കെ.രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.. 11.30-ന് നടന്ന സുഗത സംഗീതാഞ്ജലിയിൽ സുഗതകുമാരി കവിതകൾ വിവിധ രാഗങ്ങളിലും ഭാവത്തിലും ഡോ.മണക്കാല ഗോപാലകൃഷ്ണൻ അവതരിപ്പിച്ചു. മാവേലിക്കര വിജയകൃഷ്ണൻ (വയലിൻ), ശ്രീരംഗം കൃഷ്ണകുമാർ (മൃദംഗം), വൈക്കം രത്‌നശ്രീ (തബല), പ്രശാന്ത് ഷേണായ് (ഓടക്കുഴൽ) എന്നിവരും പങ്കെടുക്കും. കടമ്മനിട്ട ആർ.പ്രസന്നകുമാർ ആണ് പരിപാടികൾക്ക് ആമുഖം നൽകിയത്.



സുഗത ജീവിത ദർശൻ എന്ന പേരിൽ ചിത്രകാരി കൃഷ്ണപ്രിയ തയ്യാറാക്കിയ സുഗതകുമാരി കവിതകളുടെ ദൃശ്യാവിഷ്ക്കാരവും, ആറന്മുള കണ്ണാടി അടക്കമുള്ള പൈതൃക കരകൗശല വസ്തുക്കളുടെ പ്രദർശനവും, ജൈവ പ്രകൃതി വിഭവങ്ങളുടെ വിപണന മേളയും പരിപാടികളോടനുബന്ധിച്ചു സംഘടിപ്പിച്ചിരുന്നു.


