സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സമരം : നവീൻബാബുവിന്റെ ഭാര്യയും പങ്കെടുത്തു: പത്തനംതിട്ടയിൽ സമരാനുകൂലികളെ കൂക്കിവിളിച്ച് എൻജിഓ യൂണിയൻ നേതാക്കൾ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് അനുകൂല സര്‍വീസ് സംഘടനകളും സിപിഐ അനുകൂല സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലും നടത്തുന്ന പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും. എന്‍ജിഓ യൂണിയനില്‍ അംഗമായ മഞ്ജുഷ പത്തനംതിട്ട കലക്ടറേറ്റില്‍ സീനിയര്‍ സൂപ്രണ്ടാണ്. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്നലെ തന്നെ മഞ്ജുഷ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. മഞ്ജുഷയുടെ നടപടി എന്‍ജിഓ യൂണിയന്‍ നേതാക്കളെ അമ്പരപ്പിച്ചു. മഞ്ജുഷ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചത് യൂണിയന് ക്ഷീണമായി. എന്‍ജിഓ യൂണിയന്റെ ഭാരവാഹിയായിരുന്നു നവീന്‍ ബാബു. മഞ്ജുഷയും യൂണിയന്റെ സജീവ പ്രവര്‍ത്തകയാണ്.

അതേസമയം ഇടതു മുന്നണിയുടെയും സര്‍ക്കാരിന്റെയും ഭാഗമായിട്ടും ജോയിന്റ് കൗണ്‍സില്‍ സമരത്തിന് ഇറങ്ങിയത് എന്‍ജിഓ യൂണിയന്‍ നേതാക്കളെ പ്രകോപിപ്പിച്ചിട്ടുണ്ട്. പ്രകടനമായി കലക്ടറേറ്റിലേക്ക് സമരക്കാര്‍ വരുമ്പോള്‍ എന്‍ജിഓ യൂണിയന്‍ നേതാക്കളും പ്രവര്‍ത്തകരും കൂക്കി വിളിച്ചു. ഒരു വേള ഇരുകൂട്ടരും തമ്മില്‍ കൈയാങ്കളി നടക്കുന്നിടം വരെയത്തി. കലക്ടറേറ്റിലെ 90 ശതമാനം ജീവനക്കാരും സമരത്തില്‍ പങ്കെടുത്തുവെന്ന് ജോയിന്റ് കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു. ഇതു സര്‍ക്കാരിനോ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കെതിരെയോ ഉള്ള സമരമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *