പത്തനംതിട്ട: ഒരമ്മക്ക് ആകെയുള്ള മൂന്നു മക്കളും വിദേശത്ത്. 69 വയസുളള ആ മാതാവ് വീട്ടിൽ തനിച്ച്. കട്ടിലിൽ നിന്ന് വീണ് കാലിന് പരുക്കേറ്റ് കിടന്ന വയോധിക അവിടെ കിടന്ന് വിളിച്ചത് അമേരിക്കയിലുള്ള മകനെ. അമേരിക്കയിൽ നിന്ന് മകന്റെ വിളി എത്തിയത് പത്തനംതിട്ട ഫയർ ഫോഴ്‌സിന്. സേനാംഗങ്ങൾ ചെല്ലുമ്പോൾ വീട് മുഴുവൻ അകത്തു നിന്ന് പൂട്ടിയ നിലയിൽ. കുളിമുറിയുടെ വെന്റിലേറ്റർ പൊളിച്ച് അകത്തുകടന്ന സേനാംഗങ്ങൾ വീണുകിടന്ന വയോധികയെ രക്ഷിച്ചു. ബന്ധുക്കളും നാട്ടാരും നന്ദി അറിയിക്കാൻ ഓടിയെത്തി.
ചന്ദനപ്പള്ളി ഇഞ്ചിവിളയിൽ പരേതനായ റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ രാജൻ വർഗീസിന്റെ ഭാര്യ ലീലാമ്മ വർഗീസ് (69) ആണ് വീട്ടിൽ കുടുങ്ങിയത്. ഇവരുടെ മൂന്നുമക്കളും വിദേശത്താണ്. ലീലാമ്മയെ പരിചരിക്കാൻ ഒരു ഹോംനഴ്‌സിനെ നിയോഗിച്ചിരുന്നു. ഒരാഴ്ച മുൻപ് ഇവർ വീട്ടിൽ പോയി. സുരക്ഷ ഉറപ്പിക്കാൻ വേണ്ടി ലീലാമ്മ വീട് മുഴുവൻ ഉള്ളിൽ നിന്ന് പൂട്ടിയിരുന്നു. ഇവർ കിടക്കുന്ന ബെഡ്‌റൂമും ഉള്ളിൽ നിന്ന് പൂട്ടി ഭദ്രമാക്കിയിരുന്നു. ഞായറാഴ്ച പുലർച്ചെ ഇവർ കട്ടിലിൽ നിന്ന വീണു. കാൽ മടങ്ങിപ്പോയതിനാലും അമിത ശരീരഭാരം ഉള്ളതിനാലും സ്വയം എണീൽക്കാൻ കഴിയുമായിരുന്നില്ല.
ഇവർ കിടന്ന കിടപ്പിൽ മൊബൈൽ ഫോൺ എടുത്ത് അമേരിക്കയിലുള്ള മകനെയും കുമ്പഴയിൽ താമസിക്കുന്ന സഹോദരൻ ജോസിനെയും വിളിച്ച് വിവരം പറഞ്ഞു. അമേരിക്കയിൽ നിന്ന് മകൻ പത്തനംതിട്ട ഫയർ സ്‌റ്റേഷനിൽ വിളിച്ച് കാര്യം പറഞ്ഞു. സേന ചെന്നപ്പോൾ വീട് മുഴുവൻ പൂട്ടിയിട്ടിരിക്കുകയാണ്. ലീലാമ്മയുടെ അറ്റാച്ച്ഡ് ബാത്ത്‌റൂമിന്റെ വെന്റിലേഷൻ ജനലിന്റെ കമ്പി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റി അതിലൂടെ ഉള്ളിൽ പ്രവേശിച്ച് അവരെ രക്ഷപ്പെടുത്തുകയായിരുന്നു. ലീലാമ്മയ്ക്ക് സാരമായ പരുക്കുണ്ടായിരുന്നില്ല. കട്ടിലിൽ നിന്നുള്ള വീഴ്ചയിൽ കാൽ മടങ്ങിപ്പോയതും അമിത ശരീര ഭാരം കാരണം സ്വയം എഴുന്നേൽക്കാൻ കഴിയാതിരുന്നതുമാണ് വിനയായത്.
ലീലാമ്മയെ എണീൽപ്പിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റാമെന്ന് ഫയർഫോഴ്‌സ് അറിയിച്ചെങ്കിലും അവർ നിരസിച്ചു. തുടർന്ന് അവർ വീട്ടുജോലികളിൽ ഏർപ്പെടുകയും ചെയ്തു. സമീപവാസികൾ പോലും ഈ വിവരം അറിഞ്ഞിരുന്നില്ല.
What do you feel about this post?
Like
Love
Happy
Haha
Sad

