പത്തനംതിട്ട: ഇലവുംതിട്ട പോലീസ് സ്റ്റേഷൻ അതിർത്തിയിലെ ദളിത് വിദ്യാർത്ഥിനി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായ സംഭവങ്ങളിൽ രണ്ടു പ്രതികൾ ഒഴികെ എല്ലാവരെയും 10 ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്ത് പോലീസ്. ജനുവരി 10 ന് ആദ്യ കേസ് ഇലവുംതിട്ട പോലീസ് രജിസ്റ്റർ ചെയ്തതു മുതൽ ഊർജിതമാക്കിയ അന്വേഷണത്തിൽ വിദേശത്തുള്ള രണ്ടുപേർ ഒഴികെ ആകെയുള്ള 59 ൽ 57 പേരെയും പിടികൂടാൻ കഴിഞ്ഞത് പ്രത്യേകഅന്വേഷണസംഘത്തിന്റെ മികവാണെന്ന് ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാർ പറഞ്ഞു. ഏറ്റവും ഒടുവിൽ പിടിയിലായത് ഇലവുംതിട്ട കേസിലെ പ്രതി വി. എസ്.അരുൺ (25) ആണ്.
ഇയാളെ ഇന്നലെ പുലർച്ചെ വീടിനു സമീപത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്. പീഡനവുമായി ബന്ധപ്പെട്ട് ഇലവുംതിട്ട പോലീസ് രജിസ്റ്റർ ചെയ്തത് 17 കേസുകളാണ്, ഇതിൽ 25 പ്രതികളാണുള്ളത്. ആദ്യമെടുത്ത കേസിലെ അഞ്ചാം പ്രതി എസ്. സുധി പത്തനംതിട്ട പോലീസ് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ ജയിലിലാണ്. അന്വേഷണത്തിന് 25 അംഗ സംഘത്തെ നിയോഗിച്ച് എ.ഡി.ജി.പി ഉത്തരവായിരുന്നു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബേഗം മേൽനോട്ടം വഹിക്കുന്ന അന്വേഷണത്തിനു ജില്ലാ പോലീസ് മേധാവിയാണ് നേതൃത്വം നൽകുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അന്വേഷണത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായതെന്നും, വിദേശത്തുള്ള പ്രതികളെ അതിവേഗം പിടികൂടുന്നതിന് നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ജില്ലയിലെ നാല് സേ്റ്റഷനുകളിലായി ആകെ 30 കേസുകളാണ് വിദ്യാർത്ഥിനിയുടെ മൊഴിപ്രകാരം രജിസ്റ്റർ ചെയ്തത്. പത്തനംതിട്ട 11, ഇലവുംതിട്ട 17, പന്തളം-ഒന്ന്, മലയാലപ്പുഴ ഒന്ന്. ഇതിൽ പന്തളം കേസിലെ രണ്ട് പ്രതികളെ കേസെടുത്ത അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. മലയാലപ്പുഴ പോലീസ് സംഘം രണ്ടുദിവസം ചെന്നൈയിൽ തങ്ങി, സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ രഹസ്യനീക്കത്തിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇലവുംതിട്ട, പത്തനംതിട്ട പോലീസ് സേ്റ്റഷനുകളിലെ കേസുകളിൽ തുടക്കം മുതൽ തന്നെ കൃത്യമായി പ്രതികൾ അറസ്റ്റിലായിക്കൊണ്ടിരുന്നു. പിടിയിലായവരുടെ കൂട്ടത്തിൽ അഞ്ചു കുട്ടികളും ഉൾപ്പെടുന്നു. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി, കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസ് സംഘത്തിന്റെ നീക്കം.
What do you feel about this post?
Like
Love
Happy
Haha
Sad

