തിരുവല്ല: ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആർ.ടി.സി കണ്ടക്ടറെ യാത്രക്കാരൻ മർദ്ദിച്ചു. ബസിന്റെ ചില്ലും അടിച്ചു തകർത്തു. തിരുവനന്തപുരം – കോട്ടയം റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിൽ ചെങ്ങന്നൂരിനും തിരുവല്ലയ്ക്കും ഇടയ്ക്ക് വച്ചാണ് സംഭവം. യാത്രക്കാരനായ പടിഞ്ഞാറേത്ത് കമൽജിത്ത് (25 ) എന്നയാളാണ് ടിക്കറ്റ് എടുക്കാതിരുന്നത്. ഇതേ ചൊല്ലി തർക്കം ഉണ്ടാവുകയും കണ്ടക്ടർ സുരേഷ് ബാബുവിനെ ഇയാൾ മർദ്ദിക്കുകയായിരുന്നു. ബസിന്റെ കണ്ണാടിയും ഇയാൾ അടിച്ചു തകർക്കുകയും ചെയ്തു. ബസ് തിരുവല്ല ഡിപ്പോയിൽ ട്രിപ്പ് അവസാനിപ്പിച്ചു. സംഭവം ചെങ്ങന്നൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് നടന്നത്. വിവരം ചെങ്ങന്നൂർ പോലീസ് സ്‌റ്റേഷനിൽ അറിയിച്ചു.


