പത്തനംതിട്ട: നിരവധി വർഷങ്ങളായി സിപിഎം നേതൃത്വം കൊടുത്ത എൽഡിഎഫ് ഭരിക്കുന്ന മലയാലപ്പുഴ സർവീസ് സഹകരണ സംഘത്തിൽ വൻ ക്രമക്കേട്. ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് ഗ്രൂപ്പ് ഓഡിറ്റിങ്ങിൽ കണ്ടെത്തിയിരിക്കുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ വിരമിക്കുന്ന സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തു. സിപിഎം ലോക്കൽ കമ്മറ്റിയംഗം കൂടിയായ ഷാജിയെ ആണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. സെക്രട്ടറി വിരമിക്കുന്നതോടെ സംഘത്തിന് വരുന്ന സാമ്പത്തിക ബാധ്യതയിൽ ഡയറക്ടർ ബോർഡ് അംഗങ്ങൾ കൂടി പങ്കാളിത്തം ഏറ്റെടുക്കേണ്ടി വരുമെന്ന് കണ്ടാണ് തിരക്കിട്ട് ഓഡിറ്റിങ് നടത്തി ഇപ്പോൾ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. അതീവ രഹസ്യമാക്കി വച്ചിരുന്ന വിവരം മാധ്യമങ്ങൾ പുറത്തു വിട്ടതോടെ വീണ്ടും സിപിഎം നേതൃത്വം വെട്ടിലായി.
ക്രമരഹിതമായും വഴിവിട്ടും നൽകിയ വായ്പയാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പലപ്പോഴായി നടന്നിട്ടുള്ള ക്രമക്കേടുകൾ ഭരണ സമിതിയുടെ അറിവോടെയാണെന്നും സൂചനയുണ്ട്. ഡയറക്ടർ ബോർഡിലുള്ളത് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും പ്രതിനിധികളാണ്. സി.ഐ.ടി.യു നേതാവ് ജയപ്രകാശ് ആണ് നിലവിലെ ബാങ്ക് പ്രസിഡന്റ്. സ്ഥിര നിക്ഷേപത്തിൽ നിന്നും അല്ലാതെയും നിരവധി പേർക്ക് വഴിവിട്ടു വായ്പ നൽകിയതായി ഗ്രൂപ്പ് ഓഡിറ്റിങ്ങിൽ കണ്ടെത്തിയിട്ടുണ്ട് എന്നാണ് വിവരം. 70 ലക്ഷത്തിന്റെ ക്രമക്കേടാണ് കണ്ടെത്തിരിക്കുന്നത് എന്നാണ് പറയുന്നതെങ്കിലും ഒരു കോടിയോളം വരുമെന്ന് സംഘവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. കമ്പ്യൂട്ടർ സോഫ്ട്‌വെയറിൽ തിരുത്തലുകളും തിരിമറിയും നടത്തിയിട്ടുണ്ട്. വായ്പ കൊടുത്തത് ആർക്കാണെന്ന കാര്യത്തിൽ പോലും അവ്യക്തതയുണ്ട്. പാർട്ടി ലോക്കൽ കമ്മറ്റിയംഗമായ ഷാജി വർഷങ്ങളായി ബാങ്കിന്റെ സെക്രട്ടറിയാണ്. നിരവധി വർഷങ്ങളായി എൽ.ഡി.എഫ് മുന്നണിയാണ് ബാങ്ക് ഭരിക്കുന്നത്. ഇടക്കാലത്ത് ബാങ്കിന്റെ പേരിൽ തുടങ്ങിയ സമത സൂപ്പർമാർക്കറ്റ് ഭീമമായ നഷ്ടത്തെ തുടർന്ന് അടച്ചു പൂട്ടേണ്ടി വന്നു. നിക്ഷേപത്തുക, ദിന ചിട്ടിയിൽ നിന്നുള്ള വരുമാനം എന്നിവ എടുത്ത് ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ട നിലയിലേക്ക് വന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത് എന്നാണ് സൂചന. നിൽക്കക്കള്ളിയില്ലാതെ വന്നതോടെയാണ് പാർട്ടിയും ഡയറക്ടർ ബോർഡും സെക്രട്ടറിയെ കൈയൊഴിഞ്ഞത്. സെക്രട്ടറിക്കെതിരേ സ്വീകരിച്ച നടപടി മാധ്യമങ്ങൾക്ക് ചോരാതിരിക്കാൻ സി.പി.എം ജില്ലാ നേതൃത്വം കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതു കാരണം സഹകരണ സംഘം ഉദ്യോഗസ്ഥർ പോലും പ്രതികരിക്കാൻ മടിക്കുകയാണ്. സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തുവെന്ന് അറിയാൻ കഴിഞ്ഞുവെന്നും തുടർ നടപടി എന്താണെന്ന് അറിയില്ലെന്നുമാണ് കോന്നി സഹകരണ സംഘം അസി. രജിസ്ട്രാർ പറയുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ബാങ്കിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലാണ് എന്നാണ് പുറത്തു വരുന്ന വിവരം.
ജില്ലയിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകൾ ഒന്നൊഴിയാതെ തകർച്ചയിലാണ്. അതു കൊണ്ടു തന്നെ കള്ളവോട്ട് ചെയ്ത് ഭരണം നിലനിർത്താൻ സർക്കാർ സംവിധാനങ്ങളും ഗുണ്ടായിസവുമാണ് പ്രയോഗിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയുടെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും നേതൃത്വത്തിൽ വലിയൊരു സംഘം തന്നെ കള്ളവോട്ടിനായി രംഗത്തുണ്ട്. എവിടെ സഹകരണ സംഘം തെരഞ്ഞെടുപ്പ് നടന്നാലും ബസിൽ ഈ സംഘത്തെ ഇറക്കി കള്ളവോട്ട് ചെയ്ത് ഭരണം പിടിക്കുന്നതാണ് രീതി.
What do you feel about this post?
Like
Love
Happy
Haha
Sad

