ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബ വീട്ടിൽ നിന്നും എക്സൈസ് പിടിച്ചത് അനുവദനീയമായതിന്റെ 14 ഇരട്ടി വിദേശമദ്യം !!

Kerala Wayanad

കൽപ്പറ്റ: റിപ്പോർട്ടർ ചാനൽ എം.ഡി. ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വാഴവറ്റയിലെ കുടുംബവീട്ടിൽ റെയ്ഡിനിടെ എക്‌സൈസ് സംഘം കണ്ടെടുത്തത് വ്യക്തികൾക്ക് നിയമപരമായി കൈവശം വെക്കാവുന്നതിന്റെ 14 ഇരട്ടി വിദേശമദ്യമാണ്. ഇതിന് പുറമേ അനുവദനീയമായതിന്റെ ഇരട്ടിയിലേറെ വൈനും എക്‌സൈസ് പിടിച്ചെടുത്തു. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് എക്‌സൈസ് അറിയിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്ത 43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനുമാണ് വീടിനുള്ളിലെ മിനി ബാറിൽ നിന്ന് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.

ഫുട്‌ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ആന്റോ അഗസ്റ്റിൻ സഹോദരന്മാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അന്വേഷണ സംഘം മിന്നൽ പരിശോധന നടത്തിയത്. കൊച്ചിയിലെ ചാനൽ ഓഫീസിനൊപ്പം വയനാട്ടിലെ വസതിയിലും റൈഡ് പുരോഗമിക്കവേയാണ് അനധികൃത മദ്യശേഖരം കണ്ടെത്തിയത്. വീട്ടിൽ ക്രമാതീതമായ അളവിൽ മദ്യമുണ്ടെന്ന് മനസിലാക്കിയ പോലീസുകാർ ഉടൻ തന്നെ എക്‌സൈസ് വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പുറത്തുനിന്നുള്ള രണ്ടുപേരെ സാക്ഷികളാക്കി വീടിനുള്ളിൽ കടന്ന് നിയമനടപടികൾ ആരംഭിച്ചു.

കേരളത്തിലെ അബ്കാരി നിയമമനുസരിച്ച് ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യം മൂന്ന് ലിറ്ററും വിദേശനിർമ്മിത മദ്യം 2.5 ലിറ്ററുമാണ്. എന്നാൽ ഇതിനെയെല്ലാം കാറ്റിൽപ്പറത്തിയാണ് 43 ലിറ്റർ ഇറക്കുമതി ചെയ്ത വിദേശമദ്യം വീട്ടിൽ സൂക്ഷിച്ചിരുന്നത്. അതുപോലെ വ്യക്തിഗതമായി കൈവശം വെക്കാവുന്ന വൈനിന്റെ പരിധി 3.5 ലിറ്റർ മാത്രമായിരിക്കെ, 22 ലിറ്റർ വൈനാണ് ഉദ്യോഗസ്ഥർ മഹസർ തയ്യാറാക്കി കസ്റ്റഡിയിലെടുത്തത്. വിദേശ നിർമിത വിദേശ മദ്യം – 43 ലീറ്റർ, വിദേശ നിർമിത വിദേശ വൈൻ- 4.824 ലീറ്റർ, കേരള വൈൻ – 5.500 ലീറ്റർ, മിലിട്ടറി ലിക്കർ- 860 മില്ലിലീറ്റർ, വിട്ടിൽ നിർമിച്ച വൈൻ എന്ന് തോന്നുന്ന പദാർഥം-12.750 ലീറ്റർ എന്നിവയാണ് പിടിച്ചെടുത്തത്.

ബിയറും കള്ളും ഉൾപ്പെടെ എല്ലാത്തരം മദ്യങ്ങളും ചേർത്ത് പരമാവധി 15 ലിറ്റർ വരെ സൂക്ഷിക്കാനാണ് നിയമപരമായ അനുമതിയുള്ളത്. പിടിച്ചെടുത്ത വലിയ മദ്യശേഖരം വിൽപനയ്ക്ക് വേണ്ടിയാണോ സൂക്ഷിച്ചതെന്ന കാര്യത്തിൽ എക്‌സൈസ് സംഘം വിശദമായ പരിശോധനയും ഉറവിട അന്വേഷണവും തുടങ്ങി. വിൽപന ലക്ഷ്യമിട്ടാണ് മദ്യം സൂക്ഷിച്ചതെന്ന് തെളിഞ്ഞാൽ അബ്കാരി നിയമത്തിലെ കടുത്ത ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം തുടർനടപടികൾ നേരിടേണ്ടി വരും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *