കുമ്പനാട് കടപ്രകാരൻ ഓൺലൈൻ ജോലിക്കായി കൊടുത്തത് അഞ്ചു ലക്ഷത്തിലധികം: തട്ടിപ്പാണെന്ന് മനസിലായത് മാസങ്ങൾക്ക് ശേഷം: പ്രതിയെ ഉത്തർ പ്രദേശിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി കേരള പോലീസ്

Crime
Print Friendly, PDF & Email

പത്തനംതിട്ട: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതിയെ കോടതി മുഖേനെ കോയിപ്രം പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഹരിയാനയിലെ ഗുരുഗ്രാം ജില്ലാ ജയിലിൽ ആറു മാസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഹരിയാന ഭീവണ്ടി ഹുഡാ സെക്ടർ 13, ഹൗസ് നമ്പർ 588 ൽ താമസിക്കുന്ന കുൽദീപിന്റെ മകൻ അഖിലിനെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഇയാളെ പത്തനംതിട്ട പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. ഉത്തർ പ്രദേശിലും ഹരിയാനയിലും ഇയാൾക്ക് സമാന കേസുകളുണ്ട്. കോയിപ്രം കടപ്ര മലകുന്നത്ത് ചരിവുകാലായിൽ ജോമോൻ വർഗീസിന്റെ 5,14,533 രൂപയാണ് അഖിൽ ഉൾപ്പെടുന്ന തട്ടിപ്പുസംഘം കബളിപ്പിച്ചെടുത്തത്. ജോലിയോ പണമോ ലഭിക്കാതെ വന്നപ്പോഴാണ് പോലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ ഡിസംബർ 24 നാണ് ഓൺലൈൻ ജോലി നൽകാമെന്ന് ഫോണിലൂടെ പറഞ്ഞു വിശ്വസിപ്പിച്ച് ജോമോനെ ഇയാൾ ബന്ധപ്പെട്ടത്. തുടർന്ന് ജനുവരി 10 മുതൽ പലതവണയായി വിവിധ അക്കൗണ്ടുകളിലേക്ക് ഇത്രയും പണം പ്രതികൾ വാങ്ങിയെടുത്തു. രണ്ട് അക്കൗണ്ടുകളിലൂടെ അഖിൽ ഒരുലക്ഷം രൂപ കൈമാറിയെടുത്തതായി തെളിഞ്ഞു. ഇയാളുടെ സംഘത്തിലെ മറ്റുള്ളവർക്കായി അനേ്വഷണം തുടരുകയാണ്. പത്തനംതിട്ട ചീഫ് മജിസ്ട്രേറ്റ് കോടതി ഇയാൾക്കെതിരെ പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചു. പോലീസ് കസ്റ്റഡിക്കായുള്ള കോയിപ്രം പോലീസിന്റെ അപേക്ഷ ഗുരുഗ്രാം സി.ജെ.എം കോടതി അനുവദിച്ചതിനെ തുടർന്നാണ് നടപടി. പണം നഷ്ടപ്പെട്ട വിവരത്തിന് മാർച്ച് 18 നാണ് ജോമോൻ പരാതി നൽകിയത്. പോലീസ് ഇൻസ്പെക്ടർ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അനേ്വഷണം നടക്കുന്നത്. കീഴ്വായ്പ്പൂർ എസ്.ഐ.സതീഷ് ശേഖർ, തിരുവല്ല സ്‌റ്റേഷനിലെ എ.എസ്.ഐ ബിനു കുമാർ, കോയിപ്രം സ്‌റ്റേഷനിലെ സി.പി.ഓ അരുൺകുമാർ എന്നിവരാണ് അനേ്വഷണസംഘത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *