വിദ്യാർഥി സൗഹൃദ പഞ്ചായത്ത് ; പഠനം സുഗമമാക്കാൻ പദ്ധതികൾ പലവിധം

Pathanamthitta
Print Friendly, PDF & Email

പ്രമാടം – ഗ്രാമപഞ്ചായത്തിലെ കുട്ടികൾക്ക് പരിമിതികളൊന്നുമില്ലാതെ പഠനത്തിലേർപ്പെടാമെന്ന് ഉറപ്പിക്കുകയാണ് ഇവിടുത്തെ ഭരണസമിതി. ചിത്രകലയിലും പാട്ടിലും ഉൾപ്പടെ അഭിരുചികൾ കണ്ടറിഞ്ഞ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന വേറിട്ടമാതൃകയാണ് മേഖലയിലെ ജനപ്രതിധികൾ. സർക്കാർ പ്രൈമറി സ്‌കൂളിലെ വിദ്യാർഥികൾക്ക് കലാപഠനത്തിനായി അധ്യാപകരെ നിയമിച്ചുകഴിഞ്ഞു. പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നുവർഷമായി സംഗീതം, ചിത്രമെഴുത്ത് എന്നിവയ്ക്കായി രണ്ട് അധ്യാപകരെയാണ് നിയോഗിച്ചത്. 45 വർഷമായി കലാരംഗത്ത് പ്രവർത്തിക്കുന്ന എ കെ ബാലൻ മാഷിന്റെ പരിശീലനമാണ് സംഗീതത്തിൽ. ശാസ്ത്രീയ സംഗീതം, ലളിതഗാനം, സംഘഗാനം എന്നിവയിലാണ് ക്ലാസുകൾ.

കോന്നി ആനക്കൂട് മ്യുസിയത്തിനായി ചുമർചിത്രം വരച്ചുനൽകിയ പ്രേം ദാസ് പത്തനംതിട്ടയുടെ ശിക്ഷണത്തിലാണ് കുരുന്നുകൾ ചിത്രരചന അഭ്യസിക്കുന്നത്. പെൻസിൽ ഡ്രോയിങ്, വാട്ടർ കളറിങ് എന്നിവയിലാണ് പരിശീലനം. ജി എൽ പി എസ് ളാക്കൂറിൽ കുട്ടികളാണ് ചുമർചിത്രം ഒരുക്കിയത്. മാസത്തിൽ അഞ്ച് ക്ലാസുകൾവീതമാണ് ഓരോസ്‌കൂളിലും നടത്തുന്നത്. പ്രമാടം, മല്ലശ്ശേരി, തെങ്ങുംകാവ്, വികോട്ടയം, ളാക്കൂർ എന്നിവിടങ്ങളിലെ സ്‌കുളുകളിലാണ് പഠനവേദികൾ.

കുട്ടിയുടെ താല്പര്യങ്ങൾ, ജന്മവാസനകൾ, സ്വഭാവം എന്നിവക്ക് മുൻതൂക്കം നൽകിയാണ് ഓരോ മേഖലയിലേക്കുമുള്ള തിരഞ്ഞെടുപ്പ്. കലയും സർഗാത്മകതയും സമൃദ്ധമായ പഠനഅവസരങ്ങളാണ് പ്രദാനം ചെയ്യുന്നത്. സമഗ്ര വ്യക്തിത്വവളർച്ച പരിപോഷിപ്പിക്കുന്നതിനും വഴിയൊരുക്കുന്നു. എല്ലാ തലങ്ങളിലുമുള്ള സിലബസിൽ കലയും കരകൗശലവും ഉൾപ്പെടുത്തിയതിന്റെ കാരണവും മറ്റൊന്നല്ല.
ഏകാഗ്രതയോടയുള്ള പഠനം പൂർണമാക്കുന്നതിനായി മുടങ്ങാതെ പ്രഭാതഭക്ഷണം നൽകിവരുന്നു. അഞ്ചു പ്രൈമറിസ്‌കൂളുകളിലുമുള്ള കുട്ടികൾക്ക് ആഴ്ചയിൽ വ്യത്യസ്ത വിഭവങ്ങൾ ഉറപ്പാക്കുന്ന മെനുവാണുള്ളത്. പഞ്ചായത്ത് തന്നെയാണ് ഇക്കാര്യത്തിലും കണിശതപുലർത്തുന്നത്.

ശാസ്ത്രപഠനത്തിനായി ലാബിലേക്കാവശ്യമായ ഉപകരണങ്ങളും എല്ലാ സ്‌കൂളുകൾക്കുമായി ഗ്രാമപഞ്ചായത്ത് നൽകി. കായിക പരിശീലനത്തിനായുള്ളവ നൽകുന്നതിനുള്ള പദ്ധതിപ്രവർത്തനം അവസാന ഘട്ടത്തിലുമാണ് എന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *