വനിതാ ഡോക്ടറുടെ ക്രൂരമായ കൊലപാതകം; കേരളത്തിലും പ്രതിഷേധം ശക്തം

India
Print Friendly, PDF & Email

തിരുവനന്തപുരം: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ കേരളത്തിലും പ്രതിഷേധം ശക്തം. കേരളത്തിൽ യുവ ഡോക്ടർമാർ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്‌കരിച്ച് സമരം ചെയ്യുന്നു. പിജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരും സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണമെന്ന് എന്നാവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്.

ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണം, യുവ ഡോക്ടറുടെ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവരെയും 48 മണിക്കൂറിനകം പിടികൂടണമെന്നുമാണ് ഇവർ ഉയർത്തുന്ന ആവശ്യം. അതേസമയം, അത്യാഹിത വിഭാഗങ്ങളിൽ സേവനം ഉണ്ടാകും. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെഎംപിജിഎ സമരം പ്രഖ്യാപിച്ചത്. കെജിഎംഒഎ പ്രതിഷേധ സൂചകമായി കരിദിനമായി ആചരിക്കുകയാണ്. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് ഡോക്ടർമാരും നാളെ സമരത്തിന്റെ ഭാഗമാകും. ഇതിനോടനുബന്ധിച്ച് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നില്‍ക്കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ സി ബി ഐ. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മറ്റു വസ്തുതകളും പരിശോധിച്ചാണ് സിബിഐ പ്രാധമികമായി ഈ നിഗമനത്തിലേക്ക് എത്തിയത്. കേസുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരെയും അഞ്ച് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു. വനിതാ ഡോക്ടറുടെ രക്ഷിതാക്കളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. മകള്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന സംശയം നേരത്തെ മാതാപിതാക്കള്‍ ഉന്നയിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *