ഹരിത വിപ്ലവത്തിൻറെ ഉപഞ്ജാതാവ് എംഎസ് സ്വാമിനാഥൻ അന്തരിച്ചു

India Special

ചെന്നൈ: ഹരിത വിപ്ലവത്തിൻറെ ഉപഞ്ജാതാവ് എംഎസ് സ്വാമിനാഥൻ (98) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഇന്ത്യയുടെ ഹരിത വിപ്ലവത്തിൻറെ ഉപഞ്ജാതാവ് എന്നാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്. മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്നാണ് അദ്ദേഹത്തിൻറെ മുഴുവൻ പേര്. മങ്കൊമ്പിലെ പ്രമുഖ കുടുംബങ്ങളിലൊന്നാണ് സ്വാമിനാഥന്റേത്. പൂർവികർ തമിഴ്നാട്ടിൽനിന്ന് ആലപ്പുഴയിലേക്ക് കുടിയേറിയവർ ആണ്. പണ്ട് അമ്പലപ്പുഴ രാജാവ് തമിഴ്നാട് സന്ദർശിച്ചപ്പോൾ, തഞ്ചാവൂർ കൊട്ടാരസദസ്സിനെ കണ്ട് അവരിൽ ഒരാൾ തന്റെ അടുത്ത് വേണമെന്ന് ആഗ്രഹിച്ചു. കൊട്ടാരസദസ്സിൽ ഒരാളായ സ്വാമിനാഥന്റെ പിതാമഹൻ ഇഞ്ചി വെങ്കിടാചല അയ്യർ അങ്ങനെ അമ്പലപ്പുഴയിലെത്തി. വേദങ്ങളിലുള്ള അവഗാഹം അറിഞ്ഞ രാജാവ് മങ്കൊമ്പിലെ ഗ്രാമം അടങ്ങുന്ന പ്രദേശം അവർക്കു നൽകി. പിന്നീട് ആ കുടുംബം കൊട്ടാരം കുടുംബം എന്നാണറിയപ്പെട്ടത്. മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ 1925 ആഗസ്റ്റ് ഏഴിന് കുംഭകോണത്താണ് ജനിച്ചത്.

ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത് എന്ന് പറയാം. 1952 ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ജനിതകശാസ്ത്രത്തിൽ പി.എച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാർഷിക രംഗത്തിന്റെ അതികായനായി. ഇന്ത്യയുടെ കാലാവസ്ഥക്ക് ഇണങ്ങുന്ന അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് ശ്രീ സ്വാമിനാഥനെ അന്തർദേശീയ തലത്തിൽ പ്രശസ്തനാക്കിയത്. 1966 ൽ മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂ‍റു മേനി കൊയ്തു.ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി. 1972-ൽ അദ്ദേഹം ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ICAR) ഡയറക്ടർ ജനറലായും ഇന്ത്യാ ഗവൺമെന്റ് സെക്രട്ടറിയായും നിയമിതനായി .1979-ൽ, അദ്ദേഹത്തെ കേന്ദ്ര പ്രിൻസിപ്പൽ സെക്രട്ടറിയാക്കി . പിന്നീട് അദ്ദേഹത്തെ ആസൂത്രണ കമ്മീഷനിലേക്ക് മാറ്റി.

സ്വാമിനാഥൻ ജീവിക്കുന്ന ഇതിഹാസമായിരുന്നു. യുഎൻ പാരിസ്ഥിതിക പദ്ധതി സ്വാമിനാഥനെ സാമ്പത്തിക ഇക്കോളജിയുടെ പിതാവെന്നാണ് വിശേഷിപ്പിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം എസ് സ്വാമിനാഥൻ. സ്വാമിനാഥനെ കൂടാതെ മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ ടഗോറും മാത്രമാണ് ഇന്ത്യയിൽനിന്ന് 20 പേരിൽ ഉൾപ്പെട്ടിരുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *