കൈയ്യും കാലും തല്ലിയൊടിക്കുമെന്ന് മുൻ എം.എൽ.എയുടെ ഭീഷണി : കൊന്നാൽ പോലും ആരും ചോദിക്കാൻ വരില്ലെന്നും പറഞ്ഞുവെന്ന് മെഴുവേലി പഞ്ചായത്ത് ഹെഡ്ക്ലാർക്ക് ഷാജി

Kerala Pathanamthitta
Print Friendly, PDF & Email

ഇലവുംതിട്ട:- ഇപ്പോൾ മെഴുവേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഹെഡ് ക്ലാർക്കിന്റെ കൈയ്യും, കാലും തല്ലിയൊടിക്കുമെന്നും വേണ്ടി വന്നാൽ കൊല്ലുമെന്നും മുൻ എം.എൽ.എ ഭീഷണി മുഴക്കിയെന്ന് പരാതി. ആറന്മുള മുൻ എം.എൽ.എയും സി.പി.എമ്മിന്റെ മുതിർന്ന നേതാവുമായ കെ.സി. രാജഗോപാലിനെതിരേ മെഴുവേലി പഞ്ചായത്ത് ഹെഡ് ക്ലാർക്ക് എസ്. ഷാജി പോലീസിൽ പരാതി നൽകി. എന്നാൽ, കേസ് എടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്.

പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് വനിതാ നേതാവ് വിവരാവകാശം നൽകിയിരുന്നു. മുൻ പഞ്ചായത്ത് സെക്രട്ടറി പോകുന്നതിനു മുമ്പ് നൽകിയിരുന്ന വിവരാവകാശമാണ്. അതിൽ അഞ്ചു ചോദ്യങ്ങളാണ് ഉന്നയിച്ചിരുന്നത്. ഇത് ഷാജി തയാറാക്കി നൽകിയതാണ് എന്ന് ആരോപിച്ചാണ് ഭീഷണി. കഴിഞ്ഞ ഒന്നിന് തൊഴിലുറപ്പ് വിഭാഗം കരാർ ജീവനക്കാരൻ മഹേഷ്, ഹെഡ് ക്ലാർക്കിനെ ചോദ്യം ചെയ്യുകയും അസഭ്യം വിളിക്കുകയും ചെയ്തിരുന്നു. രണ്ടാം തീയതിയാണ് മുൻ എം.എൽ.എ രാജഗോപാൽ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയത്. നിന്നെ കൊന്നാലും ഒരു പട്ടിയും ചോദിക്കില്ലെന്നായിരുന്നു ഭീഷണിയെന്ന് പരാതിയിൽ പറയുന്നു. ജോലി ചെയ്യാൻ സംരക്ഷണം ആവശ്യപ്പെട്ടുള്ള പരാതിയിൽ നടപടി എടുക്കാൻ പോലീസ് തയാറായില്ല. ലോക്കൽക്കമ്മറ്റി സെക്രട്ടറി കൂടിയായ എട്ടാം വാർഡ് മെമ്പറും മഹേഷും കൂടി വീണ്ടും ഭീഷണിപ്പെടുത്തിയെന്നും മാധ്യമങ്ങളോടായി ഷാജി പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മെഴുവേലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ നടത്തിയ ധർണ മുൻ എം.എൽ.എ. കെ. ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജി വട്ടമോടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഹരികുമാർ, കെ.കെ. ജയിൻ, എൻ.സി. മനോജ്, വിനീത അനിൽ, ആര്യ മുടവനാൽ, രാജു കുളക്കട എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *