പത്തനംതിട്ട – ആധാറുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാതല ആധാർ മോണിറ്ററിങ് കമ്മിറ്റി യോഗം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. പത്തുവർഷമായ ആധാർ ഡോക്കുമെന്റ് അപ്ഡേഷൻ നടത്തുന്നതിന് ജില്ലയിൽ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. നവജാത ശിശുക്കളുടെ ആധാർ എന്റോൾമെന്റ്, അഞ്ചു മുതൽ 15 വയസുവരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് അപ്ഡേഷൻ എന്നിവ പൂർത്തീകരിക്കുന്നതിന് വനിതാ ശിശു വികസനം, വിദ്യാഭ്യാസം, അക്ഷയ പദ്ധതി, ഇന്ത്യ പോസ്റ്റ് തുടങ്ങിയ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. പൊതുജനങ്ങൾ അക്ഷയ കേന്ദ്രങ്ങളിലൂടെയോ പൊതുജന സേവന കേന്ദ്രങ്ങളിൽ കൂടിയോ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലൂടെയോ ആധാർ പിവിസി കാർഡ് പ്രിന്റ് ചെയ്തു വാങ്ങുന്നത് പൂർണമായും നിർത്തണമെന്നും നിയമ സാധുതയുള്ള പിവിസി കാർഡ് ആധാർ പോർട്ടൽ വഴി ബുക്ക് ചെയ്യേണ്ടതാണെന്നും യോഗത്തിൽ അറിയിച്ചു. കിടപ്പു രോഗികളുടെ ആധാർ എന്റോൾമെന്റ്, അപ്ഡേഷൻ, നവജാത ശിശുക്കളുടെ ആധാർ എന്റോൾമെന്റ്, അഞ്ചു മുതൽ 15 വയസിലെ കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് അപ്ഡേഷൻ എന്നിവയിൽ ജില്ല മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. ആധാർ ഡോക്കുമെന്റ് അപ്ഡേഷനിൽ ജില്ല ദേശീയതലത്തിൽ പതിനഞ്ചാം സ്ഥാനത്താണ്.
എ.ഡി.എം ബി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആധാർ സംസ്ഥാന പ്രോജക്ട് മാനേജർ ടി.ശിവൻ, ഫിനാൻസ് ഓഫീസർ എൽ. അനിൽകുമാർ, അക്ഷയ ജില്ലാ പ്രൊജക്ട് മാനേജർ കെ ധനേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


