വിവാഹ വാഗ്ദാനം ചെയ്ത് പലതവണ പീഡനം: നിരണത്തുകാരൻ അറസ്റ്റിൽ

Crime

തിരുവല്ല: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട്, വിവാഹ വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നിരണം ജോണിമുക്കിന് പടിഞ്ഞാറ് കൊല്ലംപറമ്പിൽ ജെവിൻ തോമസ് എബ്രഹാം (21) ആണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്.

സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി 2022 ഏപ്രിലിൽ ഒരുദിവസം പ്രതിയുടെ വീട്ടിൽ വിളിച്ചു വരുത്തി ബലാത്സംഗത്തിന് വിധേയയാക്കുകയുമായിരുന്നു. പെൺകുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതി, മറ്റൊരു ദിവസവും വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ കോഴിക്കോട് മിഠായിത്തെരുവിലെത്തിച്ച് ലോഡ്ജ് മുറിയിൽ വച്ചും ലൈംഗിക പീഡനത്തിന് വിധേയയാക്കി.

സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് പതിനേഴര വയസായിരുന്നു പ്രായം. കൊല്ലം സ്വദേശിയായ പെൺകുട്ടി ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അവിടെ യുവാവിനെതിരെ ബലാൽസംഗത്തിനും പോക്‌സോ നിയമത്തിലെ നിർദ്ദിഷ്ട വകുപ്പുകൾ പ്രകാരവും കേസെടുക്കുകയായിരുന്നു. കേസിന്റെ കൃത്യസ്ഥലം പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ, എഫ് ഐ ആർ ഇവിടേക്ക് അയച്ചുകിട്ടിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 11 ന് പുളിക്കീഴ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്നത്തെ പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന എസ്. സജികുമാർ ആണ് കേസെടുത്തത്. പുളിക്കീഴ് പോലീസ് ഇൻസ്‌പെക്ടറുടെ അധിക ചുമതലയുള്ള കീഴ്വ്വായ്പ്പൂർ എസ്.എച്ച്.ഓ വിപിൻ ഗോപിനാഥ് ആണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.

പ്രാഥമിക നിയമനടപടികൾക്ക് ശേഷം വിപിൻ ഗോപനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ഇന്നലെ തന്നെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. ഫോട്ടോ പെൺകുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞശേഷം വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു ശാസ്ത്രീയ പരിശോധനയ്ക്കയച്ചു. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ, എസ് ഐ കുരുവിള സക്കറിയ, സി പി ഓ നവീൻ എന്നിവരാണ് ഉള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *