അടൂർ: സിപിഎം ഭരിക്കുന്ന പഞ്ചായത്ത് കമ്മറ്റി നൽകിയ സ്‌റ്റോപ്പ് മെമ്മോ ലംഘിച്ച് സ്വകാര്യ ക്ലിനിക്കിന്റെ പ്രവർത്തനം തുടരുന്നു. ഒത്താശ ചെയ്യുന്നത് സിപിഎമ്മിൽ ഒരു വിഭാഗം. കടമ്പനാട് പ്രവർത്തിക്കുന്ന നന്മ ഹോസ്പിറ്റലിനാണ് ഗ്രാമപഞ്ചായത്ത് കമ്മറ്റി സ്‌റ്റോപ്പ് മെമ്മോ നൽകിയത്. ആശുപത്രിയ്ക്ക് അടിസ്ഥാന സൗകര്യമില്ലെന്നും ജീവനക്കാർക്ക് യോഗ്യതയില്ലെന്നും രോഗികളുടെ ജീവന് തന്നെ ആപത്താണെന്നും കാട്ടി ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി ലഭിച്ചിരുന്നു. ഇതേപ്പറ്റി അന്വേഷിക്കുന്നതിന് കടമ്പനാട് മെഡിക്കൽ ഓഫീസറെ ഡിഎംഓ ചുമതലപ്പെടുത്തി. മെഡിക്കൽ ഓഫീസർ ചുമതലപ്പെടുത്തിയ ഹെൽത്ത് ഇൻസ്‌പെക്ടറും പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ആശുപത്രി സന്ദർശിക്കുകയും പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇതേപ്പറ്റി പഞ്ചായത്ത് കമ്മറ്റി ചർച്ച ചെയ്തു. ആശുപത്രിയുടെ പ്രവർത്തനം തടയരുതെന്നാണ് സിപിഐയുടെ തീരുമാനമെന്ന് സിപിഐക്കാരനായ പഞ്ചായത്ത് വൈസ് പ്രസിഡന്റും മറ്റൊരു അംഗവും പഞ്ചായത്ത് കമ്മറ്റിയിൽ പറഞ്ഞു. പാർട്ടി തീരുമാനം അറിയിക്കാനുള്ള വേദിയാക്കി പഞ്ചായത്ത് കമ്മറ്റിയെ മാറ്റിയത് കണ്ട് മറ്റ് അംഗങ്ങൾ ഞെട്ടി. എന്നാൽ, ആശുപത്രി പ്രവർത്തനം തടയാനാണ് പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചത്. ഇതിൻ പ്രകാരം മൂന്നാഴ്ച മുൻപ് പഞ്ചായത്ത് കമ്മറ്റി ആശുപത്രിക്ക് സ്‌റ്റോപ്പ് മെമ്മോ നൽകി. സെക്രട്ടറി ഒപ്പിട്ട് സ്‌റ്റോപ്പ് മെമ്മോ ഓഫീസ് അസിസ്റ്റന്റാണ് ആശുപത്രി കെട്ടിടത്തിൽ പതിച്ചത്.
പിന്നീടാണ് വിചിത്രമായ കാര്യങ്ങൾ നടന്നത്. സിപിഎം ഭരിക്കുന്ന പഞ്ചായത്ത് കമ്മറ്റി എടുത്ത തീരുമാനത്തിനെതിരേ സിപിഎമ്മിലെ തന്നെ ഒരു വിഭാഗം രംഗത്തു വന്നു. ആശുപത്രി പ്രവർത്തനം ഇവരുടെ തണലിൽ നിർബാധം നടക്കുകയാണ്. സിപിഎം ജില്ലാ നേതൃത്വവും പിന്തുണ നൽകിയെന്ന് പറയുന്നു. ഇതിനിടെ ആശുപത്രി ഉടമ പഞ്ചായത്ത് കമ്മറ്റി തീരുമാനത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ തീരുമാനമായിട്ടില്ല. ഇപ്പോൾ സ്‌റ്റോപ്പ് മെമ്മോ ലംഘിച്ച് ആശുപത്രി തുറന്നു പ്രവർത്തിക്കുന്നു.
ഏറെ നാളായി ലൈസൻസ് ഇല്ലാതെയാണ് ആശുപത്രിയുടെ പ്രവർത്തനം. മാലിന്യ നിർമാർജനത്തിനുള്ള ഇമേജ്, മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ്, ആശുപത്രികൾ പ്രവർത്തിക്കുന്നതിനുളള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് താൽക്കാലിക രജിസ്‌ട്രേഷൻ, ജീവനക്കാരുടെ യോഗ്യത സർട്ടിഫിക്കറ്റ് എന്നിവ ഇല്ലെന്നാണ് ഡിഎംഓയ്ക്ക് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. അതിനിടെ ക്ലിനിക്കിനെ എതിർത്തും അനുകൂലിച്ചും സിപിഎം നേതാക്കളും വാർഡ് മെമ്പർമാരും രംഗത്തുണ്ട്. ഒരാൾ ക്ലിനിക്കിന്റെ പ്രവർത്തനത്തിന് വേണ്ടി രംഗത്തുണ്ട്. ഇയാൾക്കെതിരേ വാടക കടമുറി ഒഴിഞ്ഞു കൊടുക്കാത്തതിന് കേസ് നിലവിലുണ്ട്. ക്ലിനിക്കിനെതിരേ രംഗത്തു വന്നിരിക്കുന്നതിൽ ഒരാൾ വില്ലേജ് ഓഫീസറുടെ ആത്മഹത്യ സംബന്ധിച്ച് ആരോപണ വിധേയനാണ്.
അതേ സമയം, പഞ്ചായത്ത് കമ്മറ്റി മനഃപൂർവം ലൈസൻസ് നിഷേധിക്കുന്നുവെന്നാണ് ഉടമയുടെ വാദം. സിപിഎം പ്രാദേശിക നേതാക്കളും സിപിഐയുമാണ് സ്‌റ്റോപ്പ് മെമ്മോ ലംഘിച്ച ആശുപത്രിയുടെ പ്രവർത്തനത്തിന് ഒത്താശ ചെയ്യുന്നത്.
What do you feel about this post?
Like
Love
Happy
Haha
Sad

