അഹമ്മദാബാദ് വിമാന അപകടം: രഞ്ജിതയ്ക്ക് വേണ്ടിയുളള ഡി.എന്‍.എ പരിശോധന തുടരുന്നു

Kerala Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട രഞ്ജിത ജി. നായരുടെ മൃതദേഹം കണ്ടെത്തുന്നതിന് വേണ്ടി ഡി.എന്‍.എ പരിശോധന തുടരുന്നു. സര്‍ക്കാരില്‍ നിന്നും ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്ന് രഞ്ജിതയുടെ സഹോദരന്‍ അവിടെ മെഡിക്കല്‍ കോളേജില്‍ ഡി.എന്‍.എ പരിശോധനക്കായി സാമ്പിള്‍ നല്‍കി കാത്തിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് അവിടെ ശേഖരിച്ചിരിക്കുന്ന സാംപിളുമായി ചേരുന്നവയാണ് നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുന്നത്. സാമ്പിള്‍ പരിശോധന അറുപതിലധികം ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ നടക്കുന്നുണ്ടെങ്കിലും പലതും കണ്ടെത്താന്‍ താമസം എടുക്കുകയാണ്. മൃതദേഹം തിരിച്ചറിഞ്ഞ് വൈകാതെ ജന്മഗൃഹത്തിലേക്ക് കൊണ്ടു വരുമെന്നുള്ള പ്രതീക്ഷയാണ് ബന്ധുക്കള്‍ക്കുള്ളത്. മാതാവും കുട്ടികളും അടക്കമുള്ള കുടുംബാംഗങ്ങള്‍ ഇതിനായുള്ള കാത്തിരിപ്പ് തുടരുകയാണ്.

രഞ്ജിതയുടെ ഭവനത്തിലെത്തി മാര്‍ത്തോമ്മാ സഫ്രഗന്‍ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ്, അടൂര്‍ ഭദ്രാസനാധിപന്‍ മാത്യുസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പ എന്നിവര്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു. രഞ്ജിതയുടെ കുടുംബത്തെ ചേര്‍ത്തു നിര്‍ത്തേണ്ടത് സമൂഹത്തിന്റെയും സഭയുടെയും ഉത്തരവാദിത്തമാണെന്നും എല്ലാ സഹായവും പിന്തുണയും നല്‍കാന്‍ ഒരുക്കമാണെന്നും ജോസഫ് മാര്‍ ബര്‍ന്നബാസ് പറഞ്ഞു. സഭാ അല്‍മായ ട്രസ്റ്റി അന്‍സില്‍ കോമാട്ട്, റവ. ദാനിയേല്‍ വര്‍ഗീസ്, കൗണ്‍സില്‍ അംഗം തോമസ് കോശി, മാര്‍ത്തോമ്മാ യുവജനസഖ്യം ജനറല്‍ സെക്രട്ടറി റവ. ബിനോയ് ഡാനിയേല്‍, എന്നിവരും ഒപ്പമുണ്ടായിരുന്നു.
വിമാനാപകടത്തില്‍ മരണപ്പെട്ട രഞ്ജിതയുടെ കുടുംബങ്ങളെ കേരള കോണ്‍ഗ്രസ് (ബി) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മനോജ് മാധവശ്ശേരില്‍, നേതാക്കളായ ശ്രീകുമാര്‍
ആലക്കാട്ടില്‍,മുരളീധരന്‍ നായര്‍ കല്ലൂപ്പാറ,ബേബി തോട്ടത്തില്‍ എന്നിവര്‍ ഭവനത്തില്‍ സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *