പത്തനംതിട്ട – ശ്രദ്ധാപൂർവമുള്ള മാലിന്യസംസ്‌കരണമാണ് മലിനീകരണം തടയുന്നതിനുള്ള പ്രധാന മാർഗമെന്ന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തിൽ കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ എസ് .ഡബ്ല്യൂ .എം. പി) യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പുനർജീവനി യജ്ഞം പത്തനംതിട്ട മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാലിന്യം വലിച്ചെറിയാതിരിക്കുകയാണ് ആദ്യപടിയായി ചെയ്യേണ്ടത്. നാം വലിച്ചെറിയുന്ന മാലിന്യങ്ങൾ പരിസ്ഥിതിക്കും മറ്റു ജീവജാലങ്ങൾക്കും ഹാനികരമാകുന്നു. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് മാരകമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്. ശരിയായ മാലിന്യസംസ്‌കരണ പ്രക്രിയകളിലൂടെ മാത്രമേ പരിസ്ഥിതി സംരക്ഷണം സാധ്യമാകൂ എന്നും കളക്ടർ പറഞ്ഞു.
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ അനുകരണ മാതൃകകളിലൂടെ മാലിന്യ സംസ്‌കരണം സംബന്ധിച്ച അവബോധ പ്രചരണമാണ് പുനർജീവനി യജ്ഞത്തിലൂടെ ലക്ഷ്യമാക്കുന്നത്. പാഴ്വസ്തു പുനരുപയോഗത്തിലൂടെ കരകൗശല വസ്തുക്കൾ നിർമിച്ച് ശ്രദ്ധേയയായ ലീലാമ്മ മാത്യുവിനെ ചടങ്ങിൽ ജില്ലാ കളക്ടർ ആദരിച്ചു. നഗരസഭയിലെ തുമ്പൂർ മൂഴികളിൽ നിക്ഷേപിക്കുന്ന ജൈവ മാലിന്യങ്ങളിൽ നിന്നും രൂപംകൊണ്ട ജൈവവളം ഉപയോഗിച്ച് സ്‌കൂളുകളിൽ വൃക്ഷത്തൈകൾ നട്ടു. തുടർന്നുള്ള ദിവസങ്ങളിൽ തെരഞ്ഞെടുക്കപെട്ട സ്‌കൂളുകളിൽ പുനർജീവനി വാരാചരണം സംഘടിപ്പിക്കും.

മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മിസ്ട്രസ് എം.ആർ. അജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ് .ഡബ്ല്യൂ.എം.പി ഡെപ്യൂട്ടി ജില്ലാ കോ-ഓഡിനേറ്റർ പി.എം. ഐശ്വര്യ വിഷയാവതരണം നടത്തി. വിശിഷ്ടാതിഥിയായ ലീലാമ്മ മാത്യു പരിസ്ഥിതിദിന സന്ദേശം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ, കെ എസ് .ഡബ്ല്യൂ .എം. പി സോഷ്യൽ കം കമ്മ്യൂണിക്കേഷൻ എക്സ്‌പെർട് ശ്രീവിദ്യ ബാലൻ, പരിസ്ഥിതി എഞ്ചിനീയർ വിജിത വി കുമാർ, ഫിനാൻഷ്യൽ എക്സ്‌പെർട് വീണവിജയൻ , മോണിറ്ററിങ് എക്സ്‌പെർട് ലക്ഷ്മി പ്രിയദർശിനി , എഞ്ചിനീയർമാരായ ബെൻസി മേരി ബാബു, എ.കെ. അനില, അഖില റഹിം, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പുനര്‍ജീവനി യജ്ഞത്തിന്റെ ഭാഗമായി പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ വൃക്ഷതൈ നടുന്നു


