തിരുവനന്തപുരം : സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനത്തിൽ സർക്കാരിന് തിരിച്ചടി. സെലക്ഷൻ കമ്മിറ്റി പട്ടികയിലുള്ള 43 പേർക്കും താത്കാലിക നിയമനം നൽകണമെന്ന് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവ് . ഈ പട്ടിക റദ്ദാക്കി പുതിയ സെലക്ഷൻ നടത്താനായിരുന്നു സർക്കാർ നീക്കം. എന്നാൽ യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ച് വീണ്ടും സെലക്ഷൻ നടത്താൻ സർക്കാരിന് അനുമതിയുണ്ട്. പ്രിൻസിപ്പൽ നിയമനത്തിനായി സെലക്ഷൻ കമ്മിറ്റിയും , ഡിപ്പാർട്ട്‌മെന്റ് പ്രമോഷൻ കമ്മിറ്റിയും അംഗീകരിച്ച പട്ടികയെ കരട് പട്ടികയാക്കി മാറ്റിയത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ നിർദേശ പ്രകാരം ആയിരുന്നു. മന്ത്രിയുടെ ഈ നിലപാട് തള്ളുന്നതാണ് ലിസ്റ്റിൽ ഉൾപ്പെട്ട 43 പേർക്കും താത്കാലിക നിയമനം നൽകാനുള്ള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവ്.
രണ്ടു ആഴ്ചയ്ക്കകം നിയമന ഉത്തരവ് കൈമാറാനാണ് നിർദേശം. സെലക്ഷൻ കമ്മിറ്റി തയ്യാറാക്കിയ പട്ടിക റദ്ദാക്കി സെലക്ഷൻ നടപടികൾ ആദ്യം മുതൽ നടത്താൻ അനുവദിക്കണം എന്നായിരുന്നു സർക്കാർ വാദം. ഇത് അതേ പടി ട്രൈബ്യൂണൽ അംഗീകരിച്ചില്ല. പട്ടികയിൽ ഉൾപ്പെട്ടവർക്ക് നിയമനം നല്കിക്കൊണ്ട് മാത്രം പുതിയ സെലക്ഷൻ നടത്തിയാൽ മതിയെന്ന് ട്രൈബ്യൂണൽ നിലപാട് എടുത്തു. ലിസ്റ്റിൽ ഉൾപ്പെട്ട 43 പേരും റീ സെലക്ഷന്റെ ഭാഗമാകണം. ഇവരുടെ സീനിയോറിറ്റി, സ്ഥിര നിയമനം എന്നിവ അന്തിമ തീർപ്പിന് വിധേയമാണ്.
വിധിയുടെ പൂർണ്ണ വിവരങ്ങൾ അറിയില്ല, വിധി പരിശോധിച്ചതിനുശേഷം തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

