തൃശൂർ: കോർപ്പറേഷൻ പരിധിയിലെ മുപ്പതോളം ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി. വിവിധ ഹോട്ടലുകളിൽനിന്നും പഴയ ഭക്ഷണം പിടികൂടി. പാർക്ക് ഹോട്ടൽ, വിഘ്‌നേശ്വര, കുക്ക് ഡോർ, ചുരുട്ടി ടീ ഷോപ്പ്, കൊക്കാലയിലെ സ്വാദ്, ഫ്രൂട്ട്‌സ്, ഒല്ലൂരിലെ റോയൽ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടികൂടിയത്.നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. പെരിഞ്ഞനത്തെ ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തിലാണ് പരിശോധന. ആരോഗ്യവിഭാഗവും തദ്ദേശസ്ഥാപനങ്ങളും പോലീസിന്റെ സഹായത്തോടെ ജില്ലാ വ്യാപകമായി പരിശധന തുടരുമെന്നാണറിയുന്നത്.
അതേസമയം പെരിഞ്ഞനത്തെ ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് സ്ത്രീ മരിച്ചതിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും പഞ്ചായത്തിന്റെയും പോസ്റ്റുമോർട്ടത്തിന്റെയും റിപ്പോർട്ടുകൾ ലഭിക്കുന്ന മുറയ്ക്ക് മനപൂർവമായ നരഹത്യ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർക്കുമെന്ന് കൈപ്പമംഗലം പോലീസ് അറിയിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി ഉസൈബ ഇന്നലെ പുലർച്ചെ ആണ് മരിച്ചത്.


