തൃശൂർ – ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയായ ആൻ ടെസ്സ ജോസഫിനെപ്പറ്റി ഇപ്പോൾ വിവരങ്ങളൊന്നുമില്ലെന്ന് പിതാവ് ബിജു എബ്രഹാം പറഞ്ഞു. മുഖ്യമന്ത്രി കേന്ദ്രത്തിനയച്ച കത്തിൽ തന്റെ മകളുടെ പേരില്ലാത്തത് ദുഃഖമുണ്ടാക്കി. കപ്പൽ ജീവനക്കാരെ കാണാൻ ഇന്ത്യൻ അധികൃതർക്ക് ഇറാൻ അനുമതി നൽകിയത് ആശ്വാസമാണെന്നും ബിജു പറഞ്ഞു.
‘‘നിശ്ചിത സമയത്താണ് അവൾ വിളിക്കുന്നത്. നാളെ വിളിക്കാമെന്നു പറഞ്ഞാണ് അവസാനദിവസവും അവൾ ഫോൺ വച്ചത്. കോൾ വരാതെ ആയതോടെ ഞങ്ങൾ അങ്ങോട്ടേക്ക് വിളിച്ചെങ്കിലും കിട്ടിയില്ല. അബുദാബിയിൽ നിന്നും മുംബൈയ്ക്ക് വരുമ്പോഴാണ് സംഭവം നടന്നതെന്നാണ് കമ്പനി അധികൃതർ അറിയിച്ചത്. കേന്ദ്രസർക്കാരിനെയെല്ലാം അറിയിച്ചിട്ടുണ്ടെന്നും ആൻ ടെസ്സ ഭക്ഷണം കഴിക്കുന്നുണ്ടെന്നുമാണ് വിവരം’’ – ബിജു ഏബ്രഹാം പറഞ്ഞു.
തൃശൂർ വെളുത്തൂർ സ്വദേശിനീയായ ആൻ ടെസ്സ ജോസഫാണ് കപ്പലിലുണ്ടായിരുന്ന നാലാമത്തെ മലയാളി. ട്രെയിനിങ്ങിന്റെ ഭാഗമായി കഴിഞ്ഞ ഒമ്പതു മാസമായി കപ്പലിൽ ജോലി ചെയ്തു വരികയായിരുന്നു ആൻ ടെസ്സ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുടുംബവുമായി അവസാനം സംസാരിച്ചത്. ഇതിനിടെ കമ്പനി അധികൃതർ കുടുംബവുമായി ബന്ധപ്പെട്ട് ആൻ ടെസ്സ സുരക്ഷിതയാണെന്ന് അറിയിച്ചിരുന്നു. കേന്ദ്ര ഇന്റലിജൻസ് വൃത്തങ്ങൾ ആന്റസയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്.


