തൃശ്ശൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇനി സറീനാ കുൽസുവിനും വോട്ടുചെയ്യാം. ഇനിയവർ ഇന്ത്യൻ പൗരയാണ്. ശ്രീലങ്കക്കാരിയായിരുന്ന സറീനയ്‌ക്ക് കഴിഞ്ഞ ദിവസമാണ് കളക്ടർ ആർ. കൃഷ്ണതേജയിൽ നിന്ന് പൗരത്വ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ 32 വർഷമായി ഇന്ത്യയിൽ കഴിഞ്ഞിട്ടും ഇപ്പോൾ മാത്രമാണ് പൗരത്വം അനുവദിക്കപ്പെട്ടത്. സറീനാ കുൽസു. പൗരത്വ നിയമം മുസ്ലീങ്ങൾക്ക് എതിരാണെന്ന പ്രചാരണങ്ങൾ ശക്തമാകുന്നതിനിടെയാണ് സറീനയ്‌ക്ക് പൗരത്വം ലഭിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
18 മത്തെ വയസിൽ പിതാവിനൊപ്പം അബുദാബിയിലെത്തിയ സറീന 1990ൽ തൃശൂർ അകമല ചാലിപ്പറമ്പിൽ അലി മുഹമ്മദിനെ വിവാഹം കഴിച്ചു. രണ്ട് വർഷത്തിന് ശേഷം നാട്ടിൽ അകമലയിൽ എത്തി. പിന്നീടങ്ങോട്ട് ഓരോ വർഷവും പാസ്പോർട്ടും വിസയും പുതുക്കിയാണ് സറീന ഇന്ത്യയിൽ കഴിഞ്ഞിരുന്നത്. ഒടുവിൽ സറീനയ്‌ക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുകയായിരുന്നു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ പൗരയായി തന്റെ വിലപ്പെട്ട വോട്ട് രേഖപ്പെടുത്താമെന്ന സന്തോഷത്തിലാണ് സറീനാ കുൽസു. വീട്ടുകാരും അയൽക്കാരുമെല്ലാം വോട്ടുചെയ്യാൻ പോകുമ്പോൾ കൂടെപ്പോകാൻ പറ്റാത്തതിലുള്ള വിഷമം ഇത്തവണ തീരുകയാണ്. ഇന്ത്യൻ പൗരയായി അംഗീകരിക്കപ്പെട്ടശേഷം അവർ ആദ്യം പോയത് കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയിലേക്കാണ്. കാലങ്ങൾ പഴക്കമുള്ളൊരു നേർച്ചയാണത്. ഇന്ത്യയിൽ താമസം തുടങ്ങിയിട്ട് 32 വർഷമായെങ്കിലും വിദേശിയായി തുടരുന്നതിലുള്ള സങ്കടവും ബുദ്ധിമുട്ടുമെല്ലാം മാറിയതിന്റെ ആശ്വാസത്തിലാണ് അവരിപ്പോൾ.
മലയാളം നന്നായി എഴുതാനും വായിക്കാനും പഠിച്ച സറീന, മൂന്നു മക്കളെയും തന്റെ മാതൃഭാഷയായ തമിഴ് പഠിപ്പിച്ചിട്ടുണ്ട്. മൂത്ത മക്കളായ ഷെരീഫയും ആരിഫയും വിവാഹിതരാണ്. മകൻ മുഹമ്മദ് കൽഫാൻ വിദ്യാർഥിയും. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലെങ്കിലും ഇടയ്ക്കൊക്കെ കുടുംബത്തോടൊപ്പം ശ്രീലങ്കയിലെ പുത്തളത്തുപോയി ബന്ധുക്കളെ കാണാറുണ്ട്,


