യശഃശരീരനായ ഗായകൻ കെ.ജി. ജയന്റെ ചിതാഭസ്മം പമ്പയിൽ വിലയം പ്രാപിച്ചു

Kerala Music Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി – ഒഴുകി ഒഴുകി വരികയായ്.. പമ്പാ ഒഴുകി വരികയായ്… യശഃശരീരരായ ജയവിജയന്മാർ പുണ്യനദി പമ്പയെ ഉപാസിച്ചൊരുക്കിയ ഗാനമാണിത്. പമ്പയ്ക്കും ശബരിമലയ്ക്കും അയ്യപ്പനും ഇവരുടെ ജീവിതത്തിൽ ഒരു സ്ഥാനമുണ്ടായിരുന്നു. ശബരീശനെ ഉപാസിച്ച ഇരട്ട സഹോദരന്മാർ മരണശേഷവും ശബരിമലയുടെയും പമ്പയുടെയും ഭാഗമാകാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഇരട്ട സഹോദരൻ വിജയന് പിന്നാലെ ഗായകൻ കെ.ജി. ജയന്റെ ആത്മാവും പമ്പയിൽ വിലയം പ്രാപിച്ച് മോക്ഷം നേടി.

ഇരട്ട സഹോദരൻ വിജയൻ ശബരിമല അടിവാരത്ത് പമ്പ ത്രിവേണിയിൽ അസ്ഥി നിമജ്്ജനത്തിലൂടെ മോക്ഷം നേടിയപ്പോൾ സഹോദരൻ ജയന്റെ ചിതാഭസ്മം ആറന്മുള പാർത്ഥ സാരഥി ക്ഷേത്ര കടവിന് താഴെ സത്രക്കടവിൽ പുണ്യനദി ഏറ്റുവാങ്ങി. സംഗീത പ്രേമികളുടെ മനം കവർന്ന ഗായകനും സംഗീതജ്ഞനുമായ കെ.ജി.ജയന്റെ ചിതാഭസ്മം പമ്പയുടെ ഓളങ്ങളിൽ അലിഞ്ഞ് ചേർന്നു. ജയന്റെ മക്കളായ ബിജു കെ. ജയൻ, മനോജ് കെ. ജയൻ എന്നിവർ ചേർന്നാണ് ചിതാഭസ്മം പമ്പയിൽ നിമജ്ജനം ചെയ്തത്.

ജയന്റെ സഞ്ചയന കർമങ്ങൾ തൃപ്പൂണിത്തുറയിലെ വീട്ടിൽ പൂർത്തിയാക്കിയ ശേഷമാണ് മക്കൾ ചിതാഭസ്മവുമായി ആറന്മുളയിലെത്തിയത്. ചുവന്ന പട്ടിൽ പൊതിഞ്ഞ മൺകുടത്തിൽ സൂക്ഷിച്ച ചിതാഭസ്മം മൂത്തമകൻ ബിജുവും സഞ്ചയന കർമത്തിലെ പിണ്ഡം മനോജ് കെ.ജയനും ഇരു കൈകളിലും വച്ച് കിഴക്ക് ദിക്കിലേക്ക് ദർശനമായി നിന്ന് പട്ട് അഴിച്ച് നദിയിൽ ഒഴുക്കി. തുടർന്ന് മൺകുടത്തിന്റെ മൂടി തുറന്ന് ബിജു പമ്പയിലേക്ക് ഭസ്മം ഒഴുക്കിയപ്പോൾ പിണ്ഡം മനോജും ഒഴുക്കി. 1988 ൽ അന്തരിച്ച കെ.ജി.വിജയന്റെ ചിതാഭസ്മം പമ്പയിലെ ത്രിവേണിയിലാണ്
ഒഴുക്കിയത്. കൊച്ചച്ഛൻ അലിഞ്ഞു ചേർന്ന പുണ്യനദിയിൽ തന്നെ അച്ഛനേയും ചേർക്കണം എന്നതിനാൽ ത്രിവേണിയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നെങ്കിലും അവിടെ ജലവിതാനം തീരെ താഴ്ന്നതിനാൽ പാർഥസാരഥിയുടെ മണ്ണിലേക്ക് എത്തുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ
പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *