അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ; ഗണേഷ്‌കുമാർ പങ്കെടുക്കുമോ ?

Kerala Kollam
Print Friendly, PDF & Email

കൊല്ലം – പുതിയതായി ചുമതലയേറ്റ ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിന് അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം. ആർഎസ്എസ് നേതാക്കൾ വാളകത്തെ വീട്ടിലെത്തിയാണ് മന്ത്രിയെ ക്ഷണിച്ചത്. എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം കൂടിയായ ഗണേശിനെ ആ നിലയിലാണ് ക്ഷണിച്ചിരിക്കുന്നത് എന്ന് ആർഎസ്എസ് തേതാക്കൾ പറഞ്ഞു.. താലത്തിൽ വെച്ചു നീട്ടിയ ക്ഷണപത്രം ഗണേശ് ചിരിയോടെ ഏറ്റുവാങ്ങുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്..

അയോധ്യയിൽ നിന്നെത്തിച്ച അക്ഷതവും, രാമക്ഷേത്രത്തിന്റെ ചിത്രവും നൽകിയാണ് മന്ത്രിയെ ക്ഷണിച്ചത്. ആർഎസ്സ്എസ് പ്രാന്ത സഹ സമ്പർക്ക പ്രമുഖ് സി.സി ശെൽവൻ, കൊല്ലം വിഭാഗം സഹകാര്യ വാഹക് ജയപ്രകാശ്, ബിജെപി അഞ്ചൽ മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ്, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് എന്നിവരാണ് വാളകത്തെ മന്ത്രിയുടെ വീട്ടിലെത്തി ചടങ്ങിലേക്ക് ക്ഷണിച്ചത്.

എൽഡിഎഫ് മന്ത്രിസഭയിൽ മന്ത്രിയായി ചുമതലയേറ്റെടുത്തതിനു തൊട്ടുപിന്നാലെയാണ് ഗണേശ് കുമാർ ഈ സന്ദർശനം അനുവദിച്ചതും അക്ഷതം ഏറ്റുവാങ്ങിയതുമെന്നത് ചർച്ചയായിട്ടുണ്ട് പ്രത്യേകിച്ച് സിപിഎമ്മിൽ. സംസ്ഥാനത്ത് രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിൽ നിന്ന് സിപിഎം നേതാക്കളും അണികളും അകന്നു നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ഗണേശും പോകരുതെന്നതാണ് സിപിഎം നിലപാട് എന്നറിയുന്നു. എൻ എസ് എസ്, എസ്എൻഡിപി തുടങ്ങി എല്ലാ സമുദായ നേതാക്കളെയും അയോദ്ധ്യയിൽ നടക്കുന്ന ചടങ്ങിലേക്ക് സംഘ പരിവാരുകാർ വിളിച്ചിട്ടുണ്ട്. സാമുദായിക നേതൃത്വ നിലപാടുകളും നേതൃത്വത്തിൽ ഉള്ളവർക്ക് ബാധകമാകും.

മുൻകൂട്ടി മന്ത്രിയുടെ അനുവാദം വാങ്ങിയതിനു ശേഷമായിരുന്നു ആർ എസ് എസ് നേതാക്കൾ ക്ഷണിക്കാനെത്തിയത്. ഇതും സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട് എന്നാണറിയുന്നത്. കേരളത്തിൽ നിന്നും മോഹൻലാൽ, മാതാ അമൃതാനന്ദമയി, എൻഎസ്എസ്, എസ്എൻഡിപി നേതാക്കൾ, നടൻ ശ്രീനിവാസൻ, കേസ് ചിത്ര, നഞ്ചിയമ്മ തുടങ്ങി നിരവധി പ്രമുഖർക്ക് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. മോഹൻലാലും അമൃതാനന്ദമയിയും ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് അറിയുന്നത്..

അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ നടൻ രജനീകാന്ത് ജനുവരി 21 ന് അയോദ്ധ്യയിലെക്ക് പുറപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനൊപ്പം ഭാര്യയും സഹോദരനുമുണ്ടാകും. കഴിഞ്ഞ ദിവസം ആർഎസ്എസ് നേതാക്കൾ രജനീകാന്തിന് ക്ഷണക്കത്ത് കൈമാറിയിരുന്നു. ബിജെപി നേതാവ് അർജുനമൂർത്തി രജനികാന്തിന്റെ വസതിയിൽ എത്തിയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. ഇതിന്റെ ഫോട്ടോകൾ അർജുനമൂർത്തി സമൂഹമാധ്യമമായ എക്‌സിൽ പങ്കുവച്ചിരുന്നു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ഉത്സവമാക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും ആർഎസ്എസും. ലക്ഷക്കണക്കിന് ആളുകൾ ക്ഷേത്രത്തിൽ എത്തുമെന്നത് ഉറപ്പാണ്. അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലെ സിപിഎം നിലപാട് മന്ത്രി ഗണേശിനെ മുഖ്യമന്ത്രി അറിയിക്കും എന്നാണ് കരുതുന്നത്; പോകരുതെന്ന് ഉപദേശിക്കും; അനുസരിക്കുകയല്ലാതെ മറിച്ചൊരു നിലപാട് ഉണ്ടാകാൻ ഇടയില്ല !!

Leave a Reply

Your email address will not be published. Required fields are marked *