ഈസ്റ്റർ ദിനം പ്രവർത്തി ദിനമാക്കിയ മണിപ്പൂർ ഗവർണറുടെ ഉത്തരവ് ദു:ഖകരം: കേരളാ കൗൺസിൽ ഓഫ് ചർച്ചസ്

India Pathanamthitta

തിരുവല്ല: ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന ഈസ്റ്റർ ദിനം പ്രവർത്തി ദിനമാക്കിയ മണിപ്പൂർ ഗവർണറുടെ ഉത്തരവ് ദു:ഖകരമാണ് എന്ന് കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് പ്രസ്താവനയിൽ അറിയിച്ചു. കുക്കി – മെയ്‌തെയ് വിഭാഗങ്ങൾ തമ്മിലുള്ള കലാപഭൂമിയായി മാറിയ മണിപ്പൂരിന്റെ മുറിവ് ഉണക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനുമുള്ള ശക്തമായ ശ്രമങ്ങൾ നടത്തേണ്ടുന്ന ഈ കാലയളവിൽ ഒരു വിഭാഗത്തെ വിഷമിപ്പിക്കുന്ന ഈ തീരുമാനം പ്രതിഷേധാർഹമാണ്.

കുക്കി, നാഗാ വിഭാഗങ്ങളെയും മെയ്‌തെയ് വിഭാഗത്തിലെ ക്രിസ്ത്യാനികളെയും വേദനിപ്പിക്കുന്ന ഈ തീരുമാനം ക്രൈസ്തവ സമൂഹത്തിന്റെ ദു:ഖത്തിന് കാരണമാകുന്നു. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം ഈസ്റ്റർ ഞായർ ആണെന്നത് ഇപ്പോൾ മാത്രം മനസ്സിലാക്കിയ കാര്യമല്ല. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം ബാങ്കുകൾ പ്രവർത്തിക്കണം എന്ന തീരുമാനത്തിന്റെ പ്രസക്തി മനസ്സിലാക്കാം. എന്നാൽ മുഴുവൻ സർക്കാർ ഓഫീസുകളും ഈസ്റ്റർ ദിനത്തിൽ തന്നെ പ്രവർത്തിച്ച് ഫയലുകൾ തീർപ്പാക്കണം എന്ന നിർബന്ധം യുക്തിക്ക് നിരക്കുന്നതല്ല. ഈ തീരുമാനം പിൻവലിക്കണമെന്ന് മണിപ്പൂർ ഗവർണറോടും അതിനാവശ്യമായ സ്വാധീനം ചെലുത്തണമെന്ന് പ്രസിഡന്റ്, പ്രധാനമന്ത്രി, ദേശീയ ന്യൂനപക്ഷ കമ്മീഷൻ, ബിജെപി ദേശീയ നേതൃത്വം , കേരള സംസ്ഥാന നേതൃത്വം എന്നിവരോടും അഭ്യർത്ഥിക്കുന്നു.

ഹയർ സെക്കണ്ടറി മൂല്യനിർണ്ണ ക്യാമ്പുകളുടെ ക്രമീകരണം നിമിത്തം ഈസ്റ്റർ ദിനത്തിൽ കേരളത്തിലെ അധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പുകളിൽ എത്തേണ്ടുന്ന സാഹചര്യം കെ.സി.സി.യുടെ അഭ്യർത്ഥനയെത്തുടർന്ന് പരിഹരിക്കുവാൻ കേരള സർക്കാർ എടുത്ത നടപടികളുടെ മാതൃകയിൽ ക്രൈസ്തവ സമൂഹത്തിന്റെ വികാരം മനസ്സിലാക്കി പ്രവർത്തിക്കുന്നതിന് കേന്ദ്ര – മണിപ്പൂർ സർക്കാരുകൾ തയ്യാറാകും എന്ന് പ്രതീക്ഷിക്കുന്നു.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *