നാമനിർദേശ പത്രികാ സമർപ്പണം നാളെ (28) മുതൽ ; മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക നാളെ (28) മുതൽ ഏപ്രിൽ നാല് വരെ സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മാനദണ്ഡപ്രകാരം പൊതു അവധിദിനങ്ങളായ മാർച്ച് 29, 31, നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്‌സ് ആക്ട് പ്രകാരമുള്ള അവധിയായ ഏപ്രിൽ ഒന്ന് എന്നീ ദിവസങ്ങളിൽ പത്രിക സ്വീകരിക്കില്ല. പത്രികകൾ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർക്ക് നാളെ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ സമർപ്പിക്കാം.

ഒരു സ്ഥാനാർഥിക്ക് പരമാവധി നാല് സെറ്റ് പത്രികകൾ വരെ നൽകാം. നാമനിർദേശ പത്രികയും അനുബന്ധഫോമുകളും വരണാധികാരിയുടെ ഓഫീസിൽ ലഭിക്കും. നാമനിർദ്ദേശ പത്രികാ സമർപ്പണ വേളയിൽ സ്ഥാനാർഥി ഉൾപ്പെടെ അഞ്ചുപേർക്ക് മാത്രമേ വരണാധികാരിയുടെ ഓഫീസിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. സ്ഥാനാർഥികളുടെ വാഹനങ്ങളിൽ പരമാവധി മൂന്നെണ്ണത്തിന് മാത്രമേ വരണാധികാരിയുടെ ഓഫീസിന് 100 മീറ്റർ പരിധിയിൽ പ്രവേശനമുള്ളൂ. പൊതു വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് 12,500 രൂപയുമാണ് സ്ഥാനാർഥികൾ കെട്ടിവയ്‌ക്കേണ്ട തുക. ഇളവിന് ബന്ധപ്പെട്ട അധികാരിയിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം.

പത്രിക സമർപ്പിക്കുന്ന ദിവസത്തിന് മുമ്പായി തെരഞ്ഞെടുപ്പ് ആവശ്യത്തിനായി സ്ഥാനാർഥികൾ പ്രത്യേകം ബാങ്ക് അക്കൗണ്ട് തുറക്കണം. ഇതിലൂടെ മാത്രമേ ഇലക്ഷൻ ചെലവ് നടത്താവൂ. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും നാമനിർദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് ലഭ്യമാക്കണം. പത്രികകളുടെ സൂക്ഷ്്മ പരിശോധന ഏപ്രിൽ അഞ്ചും പിൻവലിക്കാനുള്ള തീയതി ഏപ്രിൽ എട്ടുമാണ്. നാമനിർദേശ പത്രികാ സമർപ്പണത്തിന് എത്തുന്നവർ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *