പത്തനംതിട്ട – അപകടത്തില്‍ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന ആരോപിച്ച് കണ്ടു നിന്നവര്‍ തമ്മില്‍ അടി. രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മറ്റു രണ്ടു പേര്‍ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 9.15 ന് താഴേവെട്ടിപ്രത്ത് എസ്പി ഓഫീസിന് സമീപമായിരുന്നു അപകടം. ഓട്ടോറിക്ഷയുടെ പിന്നില്‍ ഇടിച്ച് റോഡില്‍ വീണ് ബൈക്ക് യാത്രികന് പരുക്കേറ്റിരുന്നു. പരുക്കേറ്റ് കിടന്ന ഇയാളെ അതു വഴി വന്ന ഒരു കാറില്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇതിന് ശേഷം സംഭവസ്ഥലത്ത് കൂടി നിന്ന നാലു പേര്‍ തമ്മില്‍ പരുക്കേറ്റയാളെ ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ വൈകിയതിനെ ചൊല്ലി വാക്കേറ്റവും തുടര്‍ന്ന് അടിപിടിയും ഉണ്ടാവുകയായിരുന്നു.
വിവരമറിഞ്ഞ് സ്‌റ്റേഷനില്‍ നിന്ന് പൊലീസ് എത്തിയപ്പോഴേക്കും രണ്ടു പേര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന രഞ്ജി തോമസ് (39), എസ്. ബിനു (43) എന്നിവര്‍ പൊലീസിനോട് തട്ടിക്കയറി. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത് വൈദ്യപരിശോധന നടത്തി. ബൈക്കില്‍ രക്ഷപ്പെട്ടു പോയവര്‍ക്കായും അന്വേഷണം നടക്കുന്നുണ്ട്.


