പത്തനംതിട്ട – കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസിന് പത്തനംതിട്ട ജില്ലയിൽ തുടക്കം. കോഴഞ്ചേരി മുത്തൂറ്റ് കോളജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ്, അടൂർ കേരള യൂണിവേഴ്സിറ്റി കോളജ് ഓഫ് ടീച്ചേഴ്സ് എജ്യുക്കേഷൻ, കോന്നി കോളജ് ഓഫ് അപ്ലൈഡ് സയൻസ്, പരുമല ഡിബി പമ്പ കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, അടൂർ എസ്എൻഐടി കോളജ്, മല്ലപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയൻസ്, റാന്നി സെന്റ് തോമസ് കോളജ്, കോന്നി എസ്എഎസ് എസ്എൻഡിപി കോളജ്, അടൂർ കോളജ് ഓഫ് അപ്ലൈഡ് സയൻസ്, കലഞ്ഞൂർ സിഎഎസ് കോളജ്, കടമ്മനിട്ട മൗണ്ട് സിയോൺ എഞ്ചിനീയറിംഗ് കോളജ്, തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്, കോന്നി എസ്ഐഎംഇടി കോളജ് ഓഫ് നേഴ്സിംഗ്, തിരുവല്ല പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആന്റ് റിസർച്ച് സെന്റർ എന്നീ കോളജുകളിൽ നിന്നും വിവിധ സ്‌കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു.
സംസ്ഥാനത്തെ എട്ടു മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്കും സർവകലാശാല, കോളജ് വിദ്യാർത്ഥികൾക്കും പ്രത്യേകം മത്സരങ്ങളാണ് നടത്തുന്നത്. സ്‌കൂൾതല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളജ്തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനമായി നൽകും. മെമന്റോ, പ്രശസ്തി പത്രം എന്നിവയും വിജയികൾക്ക് ലഭിക്കും.
സ്‌കൂൾ തലത്തിൽ സ്‌കൂൾ, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഈ മത്സരങ്ങളിലെ വിദ്യാർത്ഥികളുടെ പ്രാതിനിധ്യം വലിയ ചരിത്രമാകും. സ്‌കൂൾ തലത്തിൽ വ്യക്തിഗതമായി നടത്തുന്ന മത്സരത്തിനു ശേഷം വിദ്യാഭ്യാസ ജില്ല മുതൽ ടീമുകളാകും മത്സരിക്കുക. കോളജ് വിഭാഗത്തിൽ കോളേജ്, ജില്ല, സംസ്ഥാന തലങ്ങളിലായിരിക്കും മത്സരം. കോളജ്തലത്തിൽ വ്യക്തിഗതമായും പിന്നീട് ടീമായും മത്സരിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാനതലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലൂടെ ഇരു വിഭാഗങ്ങളിലെയും അന്തിമ വിജയിയെ കണ്ടെത്തും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് സംഘടിപ്പിക്കുന്നത്.
What do you feel about this post?
Like
Love
Happy
Haha
Sad

