കിണറുകൾ വരണ്ടു, പൈപ്പിലാണെങ്കിൽ വെള്ളവുമില്ല : കോളനികളിലെ ജനങ്ങൾ ദുരിതത്തിൽ

Pathanamthitta Special
Print Friendly, PDF & Email

ഇലവുംതിട്ട – കിണറുകളൊക്കെ വറ്റി വരണ്ടു, പ്രധാനമന്ത്രിയുടെ ടാപ്പുകളിൽ തുള്ളി വെള്ളം വന്നില്ല. സമീപ പഞ്ചായത്തുകയിലൊക്കെ വന്നുവെന്ന് പറയുന്നെണ്ടെങ്കിലും മെഴുവേലിയിൽ പൈപ്പിലൂടെ ഇപ്പോഴും പോക മാത്രം. ടാങ്കർ വഴിയുള്ള ജലവിതരണം തദ്ദേശസ്ഥാപനങ്ങൾ ഇതുവര ആരംഭിച്ചതുമില്ല. കുടിവെള്ളം തേടി കുന്നും മലയും താണ്ടി നെട്ടോട്ടമോടുകയാണ് നാട്ടുകാർ. അതേ സമയം നാടാകെ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴാകുന്നതും കാണാം. മെഴുവേലി, ചെന്നീർക്കര, കുളനട പഞ്ചായത്തുകളിൽ വിവിധയിടങ്ങളിലെ ദുരിതക്കാഴ്ചകളാണ് ഇതൊക്കെ. കുന്നിൻ പ്രദേശങ്ങളിലുള്ളവർക്ക് കിണറുകൾ വറ്റി വരണ്ട് കുടിവെള്ളം കിട്ടാക്കനിയായിട്ട് ആഴ്ചകളായി. വരൾച്ച കടുക്കാൻ കാത്തിരിക്കുന്ന പഞ്ചായത്ത് അധികൃതർ ഇവരുടെ ദുരിതം കാണുന്നില്ല.

ചെന്നീർക്കര – മെഴുവേലി കുടിവെള്ള പദ്ധതിക്ക് സംഭരണ ശേഷി കുറഞ്ഞ ഒരു വാട്ടർ ടാങ്ക് മാത്രമാണുള്ളത്. ഈ ടാങ്കിൽ നിന്ന് ഒരു ദിക്കിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിലാണ് ജലവിതരണം. വാൽവ് തുറക്കുമ്പോഴുള്ള ജലപ്രവാഹത്തിന്റെ ശക്തി കാരണം പലപ്പോഴും വിതരണ പൈപ്പുകൾ പൊട്ടി ജലം പാഴാകുന്നുണ്ട്. റോഡുകളിലൂടെ ഒഴുകി പരന്ന് പാഴാകുന്നത് ലിറ്റർ കണക്കിന് ജലമാണ്. ഇതിന് പുറമേ വലിയ കുഴികളും രൂപം കൊളളും. കരാർ ജീവനക്കാർ ഈ പൊട്ടൽ പരിഹരിക്കണമെങ്കിൽ ദിവസങ്ങൾ എടുക്കും. പൈപ്പ് പൊട്ടിയ വിവരം അറിയാതെ ഒന്നിട വിട്ട ദിവസങ്ങളിൽ വെള്ളം തുറന്നു വിട്ടു കൊണ്ടേയിരിക്കും. പൈപ്പ് പൊട്ടുന്ന ഭാഗം മുതലുള്ള ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറില്ല.

ശരിക്കുമുള്ള വേനൽ ഇതുവരെ വന്നില്ലെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ കിണറുകൾ വരെ വറ്റി വരണ്ടു. ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയിൽ പഞ്ചായത്ത് അധികൃതരും കൈമലർത്തുകയാണ്. ആൽത്തറപ്പാട്, പുന്നക്കുന്ന്, ചന്ദനക്കുന്ന്, തൃക്കുന്നമുരുപ്പ്, നാമക്കുഴിമല, ഇടക്കുന്ന്, മലന്തേവർമോടി, പറമന്നം, അഴകത്ത്, വെട്ടോലിമല, പുല്ലാമല, പൂപ്പൻകാല തുടങ്ങിയ ഇടങ്ങളിലെല്ലാം കുടിവെള്ളം കിട്ടാക്കനിയാണ്. ജനം താഴ്ന്ന പ്രദേശങ്ങളിൽ എത്തി തലച്ചുമടായി വെള്ളം എത്തിക്കുകയാണ്. ജൽജീവൻ പദ്ധതിയും ഇക്കൊല്ലം ജനത്തിന്റെ ദാഹമകറ്റില്ല. കുളനട പഞ്ചായത്തിൽ പുതിയ പൈപ്പിടൽ എങ്ങുമെത്താത്ത സ്ഥിതിയിലാണ്. മെഴുവേലി – കുളനട ജൽജീവൻ പദ്ധതിക്കായി മെഴുവേലിയിൽ പണികഴിപ്പിക്കുന്ന വാട്ടർ ടാങ്കിന്റെ നിർമ്മാണവും ഈ വേനൽക്കാലത്ത് പൂർണമാകില്ല. നിലവിലുള്ള മെഴുവേലി – ചെന്നീർക്കര ജലസേചന പദ്ധതിയുടെ പഴകിയ പൈപ്പിലൂടെ നടത്തുന്ന ജലവിതരണം ഫലപ്രദമല്ല.

Leave a Reply

Your email address will not be published. Required fields are marked *