റാന്നി – മാലിന്യ സംസ്‌കരണം കേരളത്തിന്റെ പൊതുആവശ്യമാണെന്ന് അഡ്വ.പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന മാലിന്യ മുക്തം നവകേരളം അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എം.എൽഎ. പഞ്ചായത്തു പ്രസിഡന്റുമാർ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളിൽ ഗൗരവമായി ഇടപെടണം. മാലിന്യപ്രശ്‌നത്തിനു സ്ഥായിയായ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് മാലിന്യമുക്തം നവകേരളം. മാലിന്യമുക്തം കേരളം എന്ന ലക്ഷ്യത്തിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്നതാണ് ഹരിതകർമസേന. ഹരിതകർമ്മ സേനാംഗങ്ങൾ എല്ലാ വീടുകളിലും കയറുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അവരുടെ വരുമാനവും ഉറപ്പുവരുത്തണം. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് യോഗം ചേർന്നതെന്നും എംഎൽഎ പറഞ്ഞു.റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, പഞ്ചായത്ത് ജോയന്റ് ഡയറക്ടർ രശ്മി മോൾ, പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.




