വേനൽചൂട് കനത്തേക്കും ; പൊതുജനങ്ങൾക്കു ജാഗ്രതാ നിർദ്ദേശം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വേനൽക്കാലത്തിനു മുന്നോടിയായി ജില്ലയിലെങ്ങും ചൂട് കൂടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒരാഴ്ചയിൽ ജില്ലയിലെ വിവിധ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ശരാശരി ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസാണ്. ഏനാദിമംഗലം, സീതത്തോട്, വെൺകുറിഞ്ഞി, തിരുവല്ല സ്റ്റേഷനുകളിൽ ചില ദിവസങ്ങളിൽ ശരാശരി താപനിലയെക്കാൾ കൂടുതൽ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് കൂടാനാണ് സാധ്യത.

വേനൽക്കാലത്ത് ജലദൗർലഭ്യം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘുകരിക്കുന്നതിന് ജലവിനിയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തണം. ഉയർന്ന ഊഷ്മാവുള്ള വരണ്ട അന്തരീക്ഷാവസ്ഥയിൽ കാട് പിടിച്ചുകിടക്കുന്ന സ്ഥലങ്ങൾ മാലിന്യങ്ങൾക്കും മറ്റും തീപിടിച്ചുണ്ടാകുന്ന പ്രാദേശികമായ അഗ്നിബാധയ്ക്ക് സാധ്യത കൂടുതലാണ്. ഫെബ്രുവരി മുതൽ മെയ് ആദ്യം വരെയുള്ള കാലയളവിൽ കാട്ടുതീയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷയും ജലസംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള മാർഗ നിർദേശങ്ങൾ ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിച്ചു.

ജലസംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള മാർഗ നിർദേശങ്ങൾ

1. വീടുകളിലെ വാഷ് ബേസിനുകൾ, ടോയ്ലറ്റുകൾ, മറ്റ് പൈപ്പുകൾ എന്നിവയിൽ ചോർച്ചയില്ലെന്ന് ഉറപ്പു വരുത്തുക
2. കുളിമുറിയിൽ ഷവർ ഒഴിവാക്കി ബക്കറ്റും കപ്പും ഉപയോഗിക്കുക. കുളിക്കാൻ പരിമിതമായ അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക.
3. പല്ലു തേയ്ക്കുമ്പോഴും ഷേവ് ചെയ്യുമ്പോഴും മുഖം കഴുകുമ്പോഴുമെല്ലാം പൈപ്പ് തുറന്നിടാതെ കപ്പിൽ വെള്ളമെടുത്ത് ഉപയോഗിക്കുക.
4. ഫ്ളഷ് ടാങ്ക് ഉപയോഗിക്കുമ്പോൾ നിയന്ത്രിതമായ അളവിൽ ആവശ്യത്തിന് മാത്രം വെള്ളം ഫ്ളഷ് ചെയ്യുക.
5. സോപ്പ്, ഷാംപു എന്നിവ ഉപയോഗിക്കുമ്പോൾ അനാവശ്യമായി വെള്ളം തുറന്നുവിടാതിരിക്കുക.
6. തുണി അലക്കുമ്പോഴും അടുക്കളയിൽ പാത്രം കഴുകുമ്പോഴും പൈപ്പുകൾ തുറന്നുവിടാതിരിക്കുക.
7. വാഷിംഗ് മെഷീൻ ഉപയോഗിക്കുമ്പോൾ അനുവദനീയമായ പരമാവധി അളവിൽ വസ്ത്രങ്ങൾ നിറച്ച് മാത്രം ഉപയോഗിക്കുക.
8. പഴങ്ങളും പച്ചക്കറികളും കഴുകുമ്പോൾ പൈപ്പ് തുറന്നുവിട്ട് കഴുകുന്നതിന് പകരം ഒരു പാത്രത്തിൽ വെള്ളമെടുത്ത് കഴുകുക. ഈ വെള്ളം ചെടികളും അടുക്കളത്തോട്ടവും നനയ്ക്കുന്നതിന് ഉപയോഗിക്കുക.
9. ചെടികൾ നനക്കുന്നത് രാവിലെയോ സന്ധ്യാ സമയത്തോ മാത്രമാക്കുക. കടുത്ത വെയിലിൽ ചെടികൾ നനക്കുന്നത് നനച്ച വെള്ളത്തിന്റെ ഭൂരിഭാഗവും ആവിയായി പോകാൻ കാരണമാവും.
10. വാഹനങ്ങൾ കഴുകുന്നത് അത്യാവശ്യത്തിന് മാത്രം ആക്കുക. കഴുകുമ്പോൾ ഹോസ് ഉപയോഗിക്കാതെ ബക്കറ്റിൽ വെള്ളം നിറച്ച് കഴുകുക.
11. തുള്ളിനന, ചകിരി ട്രഞ്ച്, മൾച്ചിങ് രീതി, സ്പ്രിംഗ്ളർ, തിരിനന തുടങ്ങി ജലോപയോഗം കുറയ്ക്കുന്ന ശാസ്ത്രീയമായ ജലസേചന രീതികളിലൂടെ കൃഷിയ്ക്ക് ആവശ്യമായ വെള്ളം കാര്യക്ഷമായി ഉപയോഗിക്കുക.

അഗ്നിബാധ തടയുന്നതിനുള്ള നിർദേശങ്ങൾ

1. വീടുകളിൽ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ പ്രത്യേകം ശ്രദ്ധ പുലർത്തുക.
2. ശക്തമായ കാറ്റുള്ള സമയത്ത് തീ ഇടുവാൻ പാടില്ല.
3. തീ പൂർണ്ണമായും അണഞ്ഞു എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം സ്ഥലത്തു നിന്നും മാറാൻ പാടുള്ളൂ. ആവശ്യമെങ്കിൽ വെള്ളം നനച്ച് കനൽ കെടുത്തുക.
4. തീ പടരാൻ സാധ്യതയുള്ളവയുടെ സമീപം വച്ച് ചപ്പുചവറുകൾ കത്തിക്കാതിരിക്കുക.
5. രാത്രിയിൽ തീയിടാതിരിക്കുക.
6. വഴിയോരങ്ങളിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക.
7. പറമ്പുകളിലെ ഉണങ്ങിയ പുല്ലുകൾ, കുറ്റിച്ചെടികൾ എന്നിവ വേനൽ കടുക്കുന്നതിന് മുൻപ് വെട്ടി വൃത്തിയാക്കുക.
8. ഉണങ്ങിയ പുല്ലുകളോ കരിയില നിറഞ്ഞ ഭാഗമോ വീടിനോട് ചേർന്ന് വരുന്നില്ല എന്ന് ഉറപ്പുവരുത്തുക.
9. സിഗരറ്റുകുറ്റികൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
10. തീ പടരുന്നത് ശ്രദ്ധയിൽപെട്ടാൽ സുരക്ഷിത സ്ഥാനത്തേക്ക് മാറുക.
11. ശാരീരികക്ഷമതയും പ്രാപ്തിയുമുള്ളവർ സമീപത്തുണ്ടെങ്കിൽ മരച്ചില്ലകൾ കൊണ്ട് അടിച്ചും, വെള്ളമൊഴിച്ചും തീ കെടുത്താൻ ശ്രമിക്കുക.
12. സഹായം ആവശ്യമെങ്കിൽ എത്രയും പെട്ടെന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുക.
13. ഫയർ സ്റ്റേഷനിൽ വിളിക്കുമ്പോൾ തീപിടിച്ച സ്ഥലത്തേക്ക് എത്തിച്ചേരേണ്ട വഴിയും വിളിച്ചാൽ കിട്ടുന്ന മൊബൈൽ നമ്പരും കൃത്യമായി കൈമാറുക.
14. മുതിർന്ന കുട്ടികൾ ഉൾപ്പെടെ വീട്ടിൽ ഉള്ളവർക്കെല്ലാം എമർജൻസി നമ്പരുകളായ 101 (ഫയർ ഫോഴ്സ്), 112 (പൊലീസ്) എന്നിവ പറഞ്ഞുകൊടുക്കുക.
15. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വനത്തിലേക്ക് പോകുന്ന വിനോദ സഞ്ചാരികളും പ്രത്യേക ശ്രദ്ധ ഈ കാര്യത്തിൽ നൽകേണ്ടതുണ്ട്.
16. ക്യാമ്പ് ഫയർ പോലുള്ള പരിപാടികൾ നടത്തുന്നവർ തീ പടരാനുള്ള സാഹചര്യം കർശനമായും ഒഴിവാക്കണം.
17. ബോധപൂർവം തീപിടുത്തത്തിന് ഇടവരുത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *