തിരുവല്ല : പരുമല തിക്കപ്പുഴയിൽ ബിജെപി പ്രവർത്തകർക്കും വീടുകൾക്കും നേരെ ആക്രമണം നടത്തിയ സിപിഎമ്മുകാരെ സംരക്ഷിക്കുന്ന പുളിക്കീഴ് പോലീസിന്റെ നിലപാടിന് എതിരെ ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ പ്രചരണവുമായി ബന്ധപ്പെട്ട നടത്തിയ പതാകദിനത്തിന്റെ ഭാഗമായി കടപ്ര തിക്ക പുഴയിൽ ഉയർത്തിയ പതാകകളും കൊടി തോരണങ്ങളും സി പി എം ഏരിയാ കമ്മറ്റി അംഗം അനൂപിന്റെ നേതൃത്വത്തിൽ വ്യാപകമായി നശിപ്പിക്കുകയും ന്യൂനപക്ഷമോർച്ച നേതാക്കളായ ഫിലിപ്പ് നൈനാൻ തോമസ് പി വർഗീസ് എന്നിവരെ നടുറോഡിൽ മർദ്ദിക്കുകയും ബിജെപി മണ്ഡലം ട്രഷറർ രാജേഷ് കുമാറിന്റെയും പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷിന്റെയും വീടുകൾക്ക് നേരെ രാത്രിയിൽ സ്ഫോടക വസ്തുകൾ എറിഞ്ഞ് വ്യാപകമായ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ബിജെപി മണ്ഡലം പ്രസിഡൻ്റ് കെ ബി മുരുകേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ വി അരുൺ പ്രകാശ്, ജില്ലാ വൈസ് പ്രസിഡൻ്റ് വിജയകുമാർ മണിപ്പുഴ, ജില്ലാസെൽ കോർഡിനേറ്റർ പ്രസന്നകുമാർ കുറ്റൂർ, കർഷകമോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കൽ, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജയൻ ജനാർദ്ദനൻ, രാജ് പ്രകാശ് വേണാട്, മണ്ഡലം സെക്രട്ടറി സന്തോഷ് ചാത്തങ്കരി എന്നിവർ പങ്കെടുത്തു.


