സംസ്ഥാനത്തെ എല്ലാ ആദിവാസി ഊരുകളിലെ വീടുകളിലും വൈദ്യുതി എത്തിക്കും : മന്ത്രി കെ കൃഷ്ണൻകുട്ടി

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ – സംസ്ഥാനത്തെ എല്ലാ ആദിവാസി ഊരുകളിലെ വീടുകളിലും ഈ സാമ്പത്തിക വർഷത്തിൽ വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. അടൂർ, ഏനാത്ത് 110 കെവി സബ്‌സ്റ്റേഷനുകളുടെ പ്രവർത്തനോദ്ഘാടനം ഏനാത്ത് സെന്റ് കുര്യാകോസ് ഓർത്തഡോക്‌സ് ചർച്ച് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

രാജ്യത്ത് ആദ്യമായി സമ്പൂർണ്ണ വൈദ്യുതീകരണം 2017 ൽ പൂർത്തിയാക്കാൻ കേരളത്തിന് കഴിഞ്ഞു. ഇതിന്റെ തുടർച്ചയായാണ് സംസ്ഥാനത്തെ വനാന്തരങ്ങളിലെ ആദിവാസി ഊരുകളിൽ വൈദ്യുതിയെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നത്. കൂടാതെ പട്ടികജാതി പട്ടികവർഗ്ഗക്കാർ ഉൾപ്പെടുന്ന കോളനികളിൽ താമസിക്കുന്നവർക്കായി ഒരു ഹരിതോർജ്ജ വരുമാന പദ്ധതിയും ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് ഏഴര വർഷംകൊണ്ട് 98 സബ്സ്റ്റേഷനുകൾ പൂർത്തിയാക്കാൻ കഴിഞ്ഞു. പള്ളിവാസൽ ജലവൈദ്യുതിപദ്ധതിയുൾപ്പടെ 211മെഗാ വാട്ട് ശേഷിയുള്ള ജല വൈദ്യുതി പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും ജില്ലയിൽ മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയിൽ തടസം നേരിടാത്ത രീതിയിൽ വൈദ്യുതി നൽകാൻ കഴിഞ്ഞത് അഭിമാനകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ഡപ്യൂട്ടി സ്പീക്കർ ഉന്നയിച്ച ഭരണാനുമതി ലഭിച്ച പന്തളം, പള്ളിക്കൽ,പറന്തൽ എന്നീ മൂന്ന് സബ്‌സ്റ്റേഷനുകളുടെ റിപ്പോർട്ടുകൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വൈദ്യുത മേഖലയിൽ വിപ്ലകരമായ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പ്രസരണശേഷി കൂട്ടാൻ കൂടുതൽ സബ്‌സ്റ്റേഷനുകൾ ആവശ്യമാണ്. എല്ലാവർക്കും വൈദ്യുതി കണക്ഷൻ എത്തിച്ചു കൊടുക്കുകയാണ് സർക്കാർ ലക്ഷ്യം. വൈദ്യുത ഉൽപാദനരംഗത്ത് സംസ്ഥാനം വികസനവീഥിയിലാണെന്നും ഡപ്യൂട്ടി സ്പീക്കർ പറഞ്ഞു.
കെ.എസ്.ഇ.ബി ലിമിറ്റഡ് അടൂർ, ഏനാത്ത് വിഭാഗത്തിനുകീഴിലുള്ള 66 കെ വി സബ്‌സ്റ്റേഷനുകളായ അടൂർ, ഏനാത്ത് എന്നിവയാണ് 110 കെ വി നിലവാരത്തിലേക്ക് ഉയർത്തിയത് .ഏനാത്ത് സെന്റ് കുര്യാകോസ് ഓർത്തഡോക്‌സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെഎസ്ഇബി ട്രാൻസ്മിഷൻ സിസ്റ്റം ഓപ്പറേഷൻ ആൻഡ് പ്ലാനിങ് ഡയറക്ടർ സജീവ് പൗലോസ് റിപ്പോർട്ട് അവതരിപ്പിച്ചു.

15 കോടി 45 ലക്ഷം രൂപ മുതൽമുടക്കിൽ പൂർത്തിയാക്കിയ പദ്ധതികൾ സമീപപ്രദേശങ്ങളിലെ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റാൻ പര്യാപ്തമാണ്. അടൂർ സബ്‌സ്റ്റേഷന്റെ പരിധിയിൽ വരുന്ന അടൂർ മുനിസിപ്പാലിറ്റി, ഏഴംകുളം, പന്തളം തെക്കേക്കര, കൊടുമൺ, പള്ളിക്കൽ, ഏനാദിമംഗലം എന്നീ പഞ്ചായത്തുകളും ഏനാത്ത് സബ്‌സ്റ്റേഷന്റെ പരിധിയിൽ വരുന്ന ഏറത്ത്, കടമ്പനാട്, പട്ടാഴി പട്ടാഴി വടക്കേക്കര, കുളക്കട, തലവൂർ, ഏഴംകുളം തുടങ്ങിയ ഗ്രാമപഞ്ചായത്തുകളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസീധരൻപിള്ള, അടൂർ നഗരസഭ വൈസ് ചെയർപേഴ്‌സൺ രാജി ചെറിയാൻ, ജില്ലാ പഞ്ചായത്തഗം സി കൃഷ്ണകുമാർ, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വിഎസ് ആശ, വൈസ് പ്രസിഡന്റ് അഡ്വ. ആർ ജയൻ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. എ താജുദ്ധീൻ, രാധാമണി ഹരികുമാർ, കെഎസ്ഇബി ലിമിറ്റഡ് ചെയർമാൻ ഡോ. രാജൻ എൻ ഖോബ്രഗഡെ, ത്രിതല പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *