മുപ്പതിനായിരത്തോളം കുടുംബങ്ങൾക്ക് ഫെബ്രുവരിയിൽ പട്ടയം വിതരണം ചെയ്യും: മന്ത്രി കെ. രാജൻ

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ – സംസ്ഥാനത്ത് മുപ്പതിനായിരത്തോളം കുടുംബങ്ങൾക്ക് ഫെബ്രുവരി ആദ്യവാരത്തിൽ പട്ടയം വിതരണം ചെയ്യുന്നതിനുള്ള വിപുലമായ മേളക്ക് സർക്കാർ നേതൃത്വം നൽകുമെന്ന് റവന്യു- ഭവന നിർമാണ മന്ത്രി കെ. രാജൻ പറഞ്ഞു. തുവയൂർ മാഞ്ഞാലി ഈശ്വരൻ നായർ മെമ്മോറിയൽ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ പുതുതായി നിർമിച്ച പേ വാർഡിന്റെ ഉദ്ഘാടനം ആശുപത്രി അങ്കണത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തി രണ്ടേകാൽ വർഷത്തിനുള്ളിൽ 1,23,000 കുടുംബങ്ങൾക്കാണ് പട്ടയം വിതരണം ചെയ്തിട്ടുള്ളത്. ഫെബ്രുവരിയിലെ പട്ടയമേളക്ക് ശേഷം ആകെ പട്ടയം ലഭിച്ചവരുടെ എണ്ണം ഒന്നരലക്ഷം കവിയുമെന്നും ഇത് കേരളത്തിന് മാത്രം അവകാശപെടാനാകുന്ന അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

ഒരു ദശാബ്ദത്തിന് ഇപ്പുറം നോക്കുമ്പോൾ സമാനതകൾ ഇല്ലാത്ത മാറ്റങ്ങൾക്കാണ് അടൂർ സാക്ഷ്യം വഹിച്ചിട്ടുള്ളത്.വികസനമേഖലയിൽ മണ്ഡലം ഏറെ മുന്നിലെത്തിക്കഴിഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ശ്രമഫലമായി അടൂർ മണ്ഡലത്തിൽ മാത്രമല്ല, കേരളത്തിൽ എല്ലായിടത്തുമുള്ള രാജീവ് ഗാന്ധി ദശലക്ഷം കോളനിയിലെ നിവാസികൾ പട്ടയഭൂമിക്ക് അവകാശികളാവുകയാണ്. ആരോഗ്യമേഖലയിലും മണ്ഡലത്തിൽ നടക്കുന്നത് സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾ ആണെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കാൻ ഏറെ ശ്രദ്ധയോടെയുള്ള പ്രവർത്തനങ്ങളാണ് അടൂരിൽ നടത്തുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള രോഗികൾ ചികിത്സക്കെത്തുന്ന ആരോഗ്യകേന്ദ്രമാണ് തുവയൂർ മാഞ്ഞാലി ഗവൺമെന്റ് ആയുർവേദ ആശുപത്രി. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ പേവാർഡിന്റെ നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. ആരോഗ്യമേഖലയിൽ അടൂർ മണ്ഡലത്തിൽ നിരവധി വികസനപദ്ധതികൾ നടപ്പാക്കാൻ എംഎൽഎ എന്ന നിലയിൽ സാധിച്ചിട്ടുണ്ടെന്നും ഡപ്യൂട്ടി സ്പീക്കർ പറഞ്ഞു.

ചടങ്ങിൽ ജില്ലാ കളക്ടർ എ. ഷിബു, എഡിഎം ബി. രാധാകൃഷ്ണൻ, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ജില്ലാ നിർമിതി കേന്ദ്രം പ്രോജക്ട് മാനേജർ എസ്. സനിൽ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർപങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *