*അടൂർ, ഏനാത്ത് സബ്‌സ്റ്റേഷനുകളുടെ നിലവാരം 66 ൽ നിന്ന് 110 കെവി യിലേക്ക് ഉയർത്തി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലയുടെ വൈദ്യുതശൃംഖലാ വികസന നവീകരണ പ്രവർത്തനങ്ങൾക്ക് പുതിയ ഒരു നാഴികക്കല്ലാണ് സബ്‌സ്റ്റേഷനുകളുടെ നിലവാരം ഉയർത്തൽ. മാറുന്ന കാലഘട്ടത്തിനനുസരിച്ചുള്ള വികസനകുത്തിപ്പിനെ എത്തി പിടിക്കാൻ ജില്ലയുടെ പശ്ചാത്തല വികസന സൗകര്യങ്ങൾക്ക് ഒരു മുതൽക്കൂട്ടാണിത്.

സംസ്ഥാന സർക്കാരിന്റെയും കെ.എസ്.ഇ.ബി. ലിമിറ്റഡിന്റേയും സംയുക്തനേതൃത്വത്തിൽ പ്രസരണനഷ്ടം ഗണ്യമായി കുറക്കുന്നതിനും ഇടതടവില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിലേക്കുമായി നിലവിലുള്ള 66 കെ.വി സബ്‌സ്റ്റേഷനുകൾ 110കെ.വി നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതികൾ സംസ്ഥാനത്താകെ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നടന്ന അടൂർ, ഏനാത്ത് സബ്‌സ്റ്റേഷനുകളുടെ പ്രവർത്തനോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു. അടൂർ 66 കെ വി സബ്‌സ്റ്റേഷനിൽ നിന്നാണ് അടൂർ നഗരസഭാ പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലും വൈദ്യുതി വിതരണം നടത്തിയിരുന്നത്. 1970 ൽ സ്ഥാപിതമായ സബ്‌സ്റ്റേഷനിലേക്ക് ഇടപ്പോൺ 220കെ .വി സബ്‌സ്റ്റേഷനിൽ നിന്നാണ് 66കെ.വി നിലവാരത്തിലുള്ള വൈദ്യുതി എത്തിച്ചിരുന്നത്.
അടൂർ, ഏനാത്ത് സ്റ്റേഷനുകൾ 110 കെ വി നിലവാരത്തിലേക്ക് ഉയരുന്നതോടെ സബ്‌സ്റ്റേഷനിലേക്ക് എത്തുന്ന വൈദ്യുതിയുടെ പ്രസരണനഷ്ടം കുറയുകയും ഉപഭോക്താകൾക്ക് കൃത്യമായി വോൾട്ടേജ് നിലവാരത്തിൽ ഗുണമേന്മയുള്ള വൈദ്യുതി തടസരഹിതമായ വിതരണം ചെയ്യുവാനും സാധിക്കും.

ഏനാത്ത് സബ്‌സ്റ്റേഷന്റെ സ്ഥാപിതശേഷി 25 എംവിഎ ആണ്. അഞ്ചുകോടി 50 ലക്ഷം രൂപ അടങ്കൽ തുക കണക്കാക്കിയിരിക്കുന്ന ഈ പദ്ധതി അഞ്ചുകോടി 20 ലക്ഷം രൂപയ്ക്കാണ് പൂർത്തീകരിച്ചിട്ടുള്ളത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഏഴംകുളം, ഏറത്ത്, കടമ്പനാട്, പട്ടാഴി, കുളക്കട, തലവൂർ എന്നീ പഞ്ചായത്തുകളിലെ 56,000ത്തിൽ പരം ഉപഭോക്താക്കൾക്ക് സബ്‌സ്റ്റേഷന്റെ പ്രയോജനം ലഭിക്കും.ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സം പരമാവധി കുറയ്ക്കുന്നതിലേക്കായി ഘട്ടം ഘട്ടമായാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. നിലവിൽ ഉണ്ടായിരുന്ന 65 കെ വി ട്രാൻസ്‌ഫോർമറുകൾ മാറ്റി 110കെ.വി നിലവാരത്തിൽ 12.5 എംവിഎ ശേഷിയുള്ള രണ്ട് ട്രാൻസ്‌ഫോർമറുകളാണ് സ്ഥാപിച്ചത്.
ട്രാൻസ് ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായുള്ള ശബരി ലൈൻ പാക്കേജുമായി ബന്ധപ്പെട്ടാണ് അടൂർ സബ്‌സ്റ്റേഷനിലേക്ക് 110 കെ വി വൈദ്യുതി എത്തിക്കാനുള്ള പത്തനംതിട്ട എം സിഎംവി ലൈനിന്റെ നിർമ്മാണം നടത്തിയത്.
നിലവിൽ അടൂർ സബ്‌സ്റ്റേഷന്റെ സ്ഥാപിതശേഷി 25എം വി എ ആണ്. വൈദ്യുതി ആവശ്യകത മുൻനിർത്തി ഇത് 60 എംവിഎ വരെ ഉയർത്തുവാനും സാധിക്കും.

ഒൻപത് കോടി 95 ലക്ഷം രൂപ അടങ്കൽ തുക കണക്കാക്കിയിരുന്ന ഈ പദ്ധതി 8 കോടി 50 ലക്ഷംരൂപയ്ക്കാണ് പൂർത്തികരിച്ചിട്ടുള്ളത്. അടൂർ നഗരസഭയ്ക്ക് പുറമേ ഏഴംകുളം, പന്തളം- തെക്കേക്കര, കൊടുമൺ, തെങ്ങമം-പള്ളിക്കൽ എന്നീ ഗ്രാമപഞ്ചായത്തലുകളിലെ 72,000-ൽപരം വരുന്ന ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

2019ൽ ഏനാത്ത് ഇളംഗമംഗലത്ത് സ്ഥാപിതമായ 66 കെ.വി. ഏനാത്ത് സബ്‌സ്റ്റേഷനും അനുബന്ധമായി നിർമ്മിച്ച 11.04 കിലോമീറ്റർ അടൂർ-ഏനാത്ത് 66കെ.വി. സിംഗിൾ സർക്യൂട്ട് ലൈനും ഭാവിയിലെ വികസന സാധ്യത മുന്നിൽക്കണ്ട് നിർമ്മാണ ഘട്ടത്തിൽ തന്നെ 110കെ.വി നിലവാരത്തിലാണ് പൂർത്തീകരിച്ചിരുന്നത്. നിലവിലുണ്ടായിരുന്ന അടൂർ-ഏനാത്ത് ലൈൻ 110 കെ.വി ഡബിൾ സർക്യൂട്ട് ആയി ഉയർത്തുകയും ഏനാത്ത് സബ്‌സ്റ്റേഷനിൽ നിലവിൽ ഉണ്ടായിരുന്ന 66കെ.വി. 10 എംവിഎ ട്രാൻസ്‌ഫോമർ മാറ്റി പകരം 110കെ.വി. നിലവാരത്തിലുള്ള 12.5 എംവിഎ ശേഷിയുള്ള രണ്ട് ട്രാൻസ്‌ഫോർമറുകൾ സ്ഥാപിച്ചുമാണ് സബ്‌സ്റ്റേഷന്റെ നിലവാരം 110കെ.വി യിലേക്ക് ഉയർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *