അയിരൂർ – കല മനുഷ്യ ഹൃദയത്തെ ആർദ്രമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലാ കഥകളി ക്ലബിന്റെ 17-ാ മത് കഥകളി മേളയുടെ ഉദ്ഘാടനം അയിരൂർ ചെറുകോൽപ്പുഴ ശ്രീവിദ്യാധിരാജ നഗറിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കഥകളിമേള വിദ്യാർഥികൾക്ക് പുത്തൻ ഉണർവും അനുഭവവും സമ്മാനിക്കും. അവിസ്മരണീയമായ ബിംബങ്ങളും ഓർമ്മകളുമാണ് അവരിലേക്ക് പതിക്കപ്പെടുന്നത്. വർത്തമാന കാലഘട്ടത്തിൽ കഥകളിയെ ജനകീയമാക്കാനും പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന പരിശ്രമങ്ങൾക്ക് സർക്കാരിന്റെ പിന്തുണയുണ്ട്. കഥകളി ക്ലബ് ഏറ്റെടുത്തു നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്.

സംസ്‌കാരത്തിന്റെ ഭാഗമായി കഥകളിയെ കരുതുന്ന അയിരൂർക്കരയ്ക്ക് ലഭിച്ച ആദരവാണ് അയിരൂർ കഥകളി ഗ്രാമം എന്ന ഔദ്യോഗിക പ്രഖ്യാപനം. സംസ്ഥാന സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടു കൂടി അയിരൂർ കഥകളി മ്യൂസിയം, തെക്കൻ കലാമണ്ഡലം എന്നിവയുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കഥകളി ഗ്രാമമെന്ന അത്യപൂർവമായ അംഗീകാരം നേടിയെടുക്കാൻ അയിരൂരിന് സാധിച്ചത് പരിശ്രമത്തിന്റെ ഫലമായാണെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. കഥകളിയുൾപ്പെടെയുള്ള കലാരൂപങ്ങളെ അറിയാനായി വിദ്യാർഥികളിൽ കലാവാസന വളർത്തിയെടുക്കണമെന്ന് ചടങ്ങിൽ അതിഥിയായ ജില്ലാ കളക്ടർ എ ഷിബു പറഞ്ഞു.

ചടങ്ങിൽ കഥകളി ക്ലബിന്റെ 2023ലെ നാട്യഭാരതി അവാർഡ് പ്രശസ്ത ചുട്ടികലാകാരൻ കരിക്കകം ത്രിവിക്രമനും അയിരൂർ രാമൻപിള്ള അവാർഡ് കഥകളി നിരൂപകയും ഗ്രന്ഥകാരിയുമായ മിനി ബാനർജിക്കും നൽകി മന്ത്രി ആദരിച്ചു. തുടർന്ന് പത്താം ക്ലാസിലെ മലയാളം പാഠാവലിയിലെ പ്രലോഭനം (നളചരിതം) എന്ന പാഠഭാഗത്തെ ആസ്പദമാക്കി കഥകളി അരങ്ങേറി. ഏഴു ദിവസങ്ങളിലായി നടക്കുന്ന കഥകളി മേള ജനുവരി 14 ന് അവസാനിക്കും.

കഥകളി ക്ലബ് പ്രസിഡന്റ് വി. എൻ. ഉണ്ണി അധ്യക്ഷത വഹിച്ചു. അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ, മുൻ എംഎൽഎ രാജു എബ്രഹാം, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ശ്രീകാന്ത് എം ഗിരിനാഥ്, കഥകളി മേള ജനറൽ കൺവീനർ ടി ആർ ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു


