പന്തളം – തിരുവാഭരണ ഘോഷയാത്രയോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ എ. ഷിബു പറഞ്ഞു. പന്തളം വലിയകോയിക്കൽ ദേവസ്വം ഓഡിറ്റോറിയത്തിൽ ചേർന്ന തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഘോഷയാത്ര കടന്നുപോകുന്ന കാനന പാതകൾ തെളിയിക്കുന്ന ജോലികൾ ജനുവരി 10 നകം പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഘോഷയാത്രാ പാതയിലും സന്നിധാനത്തും പൊലീസ് ടീമിനെ നിയോഗിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വി. അജിത്ത് പറഞ്ഞു. ഘോഷയാത്ര ദിവസം വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള പ്രത്യേക പോലീസ് ടീമിനെ നിയോഗിക്കും. ഘോഷയാത്രയ്ക്ക് അകമ്പടിയായി എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഉൾപ്പടെയുള്ള ടീമിനെ സജ്ജമാക്കും. പന്തളം ഭാഗത്ത് ആവശ്യമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഘോഷയാത്ര കടന്നു പോകുന്ന പാതകളിൽ ഗതാഗതകുരുക്ക് രൂക്ഷമാകുന്ന സ്ഥലങ്ങളിൽ വേണ്ട ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്നും അദേഹം പറഞ്ഞു.
യോഗത്തിൽ പോലീസ്, ആരോഗ്യം, ഗതാഗതം, വനം തുടങ്ങിയ വകുപ്പുകളുടെ ഒരുക്കങ്ങൾ വിലയിരുത്തി. ആംബുലൻസോടു കൂടിയ പ്രത്യേക മെഡിക്കൽ സംഘത്തെ ആരോഗ്യ വകുപ്പ് സജ്ജമാക്കും. ഘോഷയാത്രയോടൊപ്പം എലിഫന്റ് സ്‌ക്വഡിനെ വനംവകുപ്പ് നിയോഗിക്കും. ഇടത്താവളങ്ങളിൽ ആവശ്യമായ കുടിവെള്ള വിതരണത്തിനുള്ള സൗകര്യവും താത്കാലിക ശൗചാലയങ്ങളും ഒരുക്കും. ളാഹ, വടശ്ശേരിക്കര എന്നിവിടങ്ങളിലെ സത്രങ്ങളിൽ മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ചു.
കുളിക്കടവുകളിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചതായും പിഡബ്ല്യുഡി റോഡുകൾ വൃത്തിയാക്കിയതായും താത്കാലിക പാലം, തെരുവ് വിളക്കുകൾ എന്നിവയുടെ ക്രമീകരണങ്ങൾ പൂർത്തീകരിച്ചതായും വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ജനുവരി 13നു പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്നാണ് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നത്.
ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ഡെപ്യൂട്ടി കളക്ടർ ടി. ജി. ഗോപകുമാർ, അടൂർ ആർ ഡി ഒ എ.തുളസീധരൻ പിള്ള, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിത കുമാരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ശ്രീകാന്ത് എം ഗിരിനാഥ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പന്തളം കൊട്ടാര പ്രതിനിധി ശശി കുമാര വർമ, ദേവസ്വം ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

