പത്തനംതിട്ട – മലങ്കര ഓർത്തഡോക്‌സ് സഭ നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. ജോഷ്വ മാർ നിക്കോദീമോസ് മെത്രാപ്പോലീത്തയ് ക്കെതിരായി സമൂഹ മാധ്യമം വഴി ഫാ. മാത്യൂസ് വാഴക്കുന്നം നടത്തിയ മോശമായ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അദ്ദേഹത്തോട് വിശദീകരണം തേടി . ഫാ. മാത്യുസ് വാഴക്കുന്നം പ്രസ്തുത പ്രതികരണത്തിൽ പരിശുദ്ധ ബാവായോടു നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും തന്റെ ഭാഗം കൂടി കേൾക്കാൻ അവസരം നൽകണമെന്ന് പരിശുദ്ധ ബാവാ തിരുമേനിയോട് അപേക്ഷിക്കുകയും ചെയ്തു എന്നാണു അറിയുന്നത്. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നേരിട്ട് എത്തി വിശദീകരണം നൽകാൻ അച്ചനോട് പരിശുദ്ധ ബാവാ കല്പിച്ചിട്ടുണ്ട് എന്നുമാണ് സഭാ വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്.
ബിജെപിയിൽ അംഗത്വമെടുത്ത നിലക്കൽ ഭദ്രാസനം സെക്രട്ടറി ആയിരുന്ന ഫാദർ ഷൈജു കുര്യനുമായി ബന്ധപ്പെട്ട വിഷയത്തിലാണ് തർക്കം രൂക്ഷമായത്. വിഷയത്തിൽ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെ കൽപ്പനയെ തള്ളിക്കൊണ്ടാണ് ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ വാട്സാപ്പ് സന്ദേശം പ്രചരിച്ചത്. ‘കൽപ്പനയ്ക്ക് മറുപടി തരാൻ മനസ്സില്ലെടാ’ എന്നുള്ള ആക്ഷേപ ഉള്ളടക്കങ്ങളടങ്ങിയ ശബ്ദ സന്ദേശമാണ് ഫാദർ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.
‘വിശദീകരണം ചോദിച്ചതുമായി ബന്ധപ്പെട്ടകാര്യം സഭയുടെ പ്രധാനപ്പെട്ട ചുമതലയിലിരിക്കുന്നവരോട് വിശദീകരിച്ചിട്ടുണ്ട് എന്നും, നിക്കോദിമോസ് മെത്രാനച്ചൻ ചെയ്തിട്ടുള്ള കാര്യങ്ങളൊക്കെ പുറത്തുവിടും. എന്റെ പേരിൽ കൽപ്പന ഇറക്കേണ്ട ഒരാവശ്യവും ഇല്ല. വക്കീൽ നോട്ടീസിനുള്ള പ്രതികരണം മാത്രമാണ് എന്റെ ഭാഗത്തുനിന്നുണ്ടായത്. കൽപ്പന മാനിക്കാൻ സാധിക്കില്ല. വസ്തുക്കച്ചവടക്കാരായ അച്ചന്മാരെയാണ് സഭയ്ക്ക് വേണ്ടതെങ്കിൽ അവരെ കൊണ്ടു നടന്നോളൂ…’, എന്നിങ്ങനെ ആയിരുന്നു ഫാ. മാത്യൂസ് വാഴക്കുന്നം വൈദികന്റെ ശബ്ദ സന്ദേശം പ്രചരിച്ചത്.
സഭയിലെ വൈദികരുടെ രാഷ്ട്രീയം സംബന്ധിച്ച് കടുത്ത നടപടികളിലേക്ക് സഭ നീങ്ങുന്നു എന്നാണു സഭാ വൃത്തങ്ങളിൽ നിന്ന് അറിയുന്നത്. സഭക്കുള്ളിൽ സഭയെ മോശപ്പെടുത്തുന്ന രാഷ്ട്രീയക്കാരായ വൈദികരെ പുറത്താക്കണം എന്നാവിശ്യമാണ് ഉയരുന്നത്. തനിക്കെതിരെയുള്ള നടപടികൾ തന്റെ കൂടി അഭ്യർത്ഥന പ്രകാരമാണെന്നാണ് ഫാദർ ഷൈജു കുര്യൻ വ്യക്തമാക്കിയത്.
What do you feel about this post?
Like
Love
Happy
Haha
Sad

