സന്നിധാനം – ശരണം വിളിയാൽ മുഖരിതമായ ശബരിമല സന്നിധാനത്തിൽ അനൗൺസ്മെന്റുകളും ഏവരും ശ്രദ്ധിക്കും. പ്രത്യേക ഈണത്തിൽ സ്വാമിയേ ശരണം അയ്യപ്പാ എന്ന് തുടങ്ങി അതിൽ തന്നെ അവസാനിക്കുന്ന അനൗൺസ്മെന്റുകൾ. അവ പലപ്പോഴും വലിയ സന്തോഷങ്ങളിലും നന്ദി പറച്ചിലുകളിലുമാണ് അവസാനിക്കാറ്. കുട്ടികളെ കൈവിട്ട് പോയവർ, കൂട്ടം തെറ്റിയവർ, വഴിയറിയാതെ ഉഴലുന്നവർ തുടങ്ങി എല്ലാവരും ആശങ്കയോടെയെത്തി ചെറുപുഞ്ചിയോടെ മടങ്ങുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.
സന്നിധാനത്ത് ദേവസ്വം പബ്ലിസിറ്റി ഓഫീസിന്റ ഭാഗമായി ഭക്തർക്കായി സൗജന്യ സേവനം ഒരുക്കുന്ന അനൗൺസ്മെന്റ് കേന്ദ്രത്തിനെക്കുറിച്ചാണീ പറച്ചിൽ. സന്നിധാനത്തെത്തുന്ന അയ്യപ്പ ഭക്തരുടെ തിരക്ക് നിയന്ത്രണത്തിലും ദിനചര്യയിലും പ്രമുഖമായ പങ്കാണ് അനൗൺസ്മെന്റ് അഥവാ വിളംബര സന്ദേശങ്ങൾ വഹിക്കുന്നത്. ഒരു സാധനയെന്ന പോലെ അനൗൺസ്മെന്റ് ജീവിത വ്രതമാക്കിയ ചിലരുടെ അധ്വാനമുണ്ട് ഇതിന് പിന്നിൽ.
പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയും 67 കാരനുമായ എ.പി ഗോപാലകൃഷ്ണൻ നായർ 25 മത് വർഷമാണ് സന്നിധാനത്ത് അനൗൺസ്മെന്റ് ചെയ്യുന്നത്. കലാനിലയം ആർട്ടിസ്റ്റായ ഇദ്ദേഹം മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ സമയമായാൽ മുടക്കമില്ലാതെ സന്നിധാനത്തെത്തും. ക്ഷേത്ര ദർശനം നടത്താറില്ല എന്നതാണ് കൗതുകം. എങ്കിലും ഇവിടെ എത്തിച്ചേർന്നാൽ തന്നെ പ്രത്യേക അനുഭൂതി ലഭ്യമാകുമെന്നും അത് മതിയെന്നും അദ്ദേഹം പറയുന്നു. മലയാളത്തിലാണ് അദ്ദേഹത്തിന്റെ അനൗൺസ്മെന്റ്.
മറ്റൊരു അനൗൺസറായ ചിക്ക്മാംഗ്ലൂർ സ്വദേശി എം.എം കുമാറിനും പറയാനുള്ളതും ഇതേ കാര്യം തന്നെ. സന്നിധാനത്ത് ഇത്തവണ ആദ്യമെങ്കിലും 24 വർഷത്തെ പ്രവർത്തന പരിചയമുണ്ട് കുമാറിന്. നിലക്കലും പമ്പയിലുമായിട്ടായിരുന്നു പ്രവർത്തനം. ചിക്ക്മാംഗ്ലൂരിൽ ബ്യാരവള്ളി പഞ്ചായത്ത് മെമ്പറായ ഇദ്ദേഹം മണ്ഡല മകരവിളക്ക് സമയമായാൽ മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച് ഇവിടെയെത്തുന്നു. വർഷങ്ങളായി സന്നിധാനം അനൗൺസ്മെന്റ് സെന്ററിൽ സേവനം അനുഷ്ഠിച്ച ശ്രീനിവാസ് കഴിഞ്ഞ വർഷം അന്തരിച്ചപ്പോൾ വന്ന ഒഴിവിലാണ് കുമാർ സന്നിധാനത്ത് എത്തിയത്. കന്നട, തെലുങ്ക് ഭാഷകളാണ് പ്രധാനമായും കുമാർ കൈകാര്യം ചെയ്യുന്നത്. ഇവയ്ക്കു പുറമേ ഹിന്ദി, ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അഖിലും തമിഴിൽ അറിയിപ്പു നൽകാൻ ബാലഗണേശും കേന്ദ്രത്തിലുണ്ട്.
ആറു ഭാഷയിൽ അനൗൺസ്മെന്റ് സൗകര്യം ഉണ്ടെങ്കിലും കൂടുതലായും തമിഴ്നാട്, കർണാടക സ്വദേശികളാണ് അനൗൺസ്മെന്റ് കേന്ദ്രത്തെ ആശ്രയിക്കുന്നതെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. കൊച്ചുസ്വാമിമാരേയും മാളികപ്പുറങ്ങളേയും പ്രായമായവരേയും കാണാതേപോയ ആധിയിൽ എത്തുന്നവരാണ് മിക്കവരും. ചില സമയങ്ങളിൽ കൂട്ടം തെറ്റിയ കുഞ്ഞയ്യപ്പമ്മാരേയും കൊണ്ട് പോലീസ് സ്വാമിമാരും ദേവസ്വം പബ്ലിസിറ്റി ഓഫീസിൽ എത്തും. ഉറ്റവർ വരുന്നതുവരെ അവരെ ബിസ്കറ്റും വെള്ളവും നൽകി പരിപാലിച്ചു പിന്നീട് സുരക്ഷിത കൈകളിൽ ഏൽപിക്കുമ്പോഴാണ് മനസ്സിന് നിർവൃതി ലഭിക്കുന്നതെന്ന് ഗോപാലകൃഷ്ണൻ നായർ പറയുന്നു.
അറിയിപ്പുകൾ, കളഞ്ഞു കിട്ടിയ സാധനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, ശബരിമലയുടെ ലഘു ചരിത്രങ്ങൾ എന്നിവ കൈമാറുന്നതിനു പുറമേ നട തുറക്കുമ്പോഴും അടയ്ക്കുമ്പോഴുമുള്ള ഹരിവരാസനം ഉൾപ്പെടെയുള്ള ഗാനങ്ങൾ പ്രവർത്തിപ്പിക്കുന്നതും ദേവസ്വം പബ്ലിസിറ്റി ഓഫീസിന്റെ ഭാഗമായ അനൗൺസ്മെന്റ് കേന്ദ്രത്തിൽ നിന്നു തന്നെയാണ്. പബ്ലിക് റിലേഷൻസ് ഓഫീസർ സുനിൽ അരുമാനൂരിന്റെ നേതൃത്വത്തിൽ 15 ഓളം ജീവനക്കാരാണ് ഓഫീസിൽ പ്രവർത്തിക്കുന്നത്ത്.
പുലർച്ചെ മൂന്ന് മണിക്കു തുടങ്ങി രാത്രി വൈകി 11.30 വരെ സജീവമാണ് അനൗൺസ്മെന്റ് കേന്ദ്രം. ശബ്ദമാണിവിടെയെല്ലാം അതുകൊണ്ട് തന്നെ ശബ്ദ പരിപാലനത്തിനായി ചില പൊടിക്കൈകളും ഇവർക്കുണ്ട്. ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട് തിളപ്പിച്ച വെള്ളവും ചില ആയൂർവേദ മരുന്നുകളും ഇടയ്ക്കിടെ കഴിച്ചാണ് ശബ്ദം മണ്ഡല മകരവിളക്ക് മഹോത്സവ സമയത്ത് പരിപാലിച്ചു പോകുന്നതെന്ന് കുമാർ പറയുന്നു.
ഇങ്ങനെ സന്നിധാനത്തിന്റെ നിത്യ ചര്യകളിൽ നിതാന്ത ശബ്ദസാന്നിധ്യമായി ദേവസ്വം ബോർഡ് അനൗൺസ്മെന്റ് കേന്ദ്രവും അനൗൺസർമാരും മാറുന്നു.

ക്യാപ്ഷൻ ; സന്നിധാനത്തെ ദേവസ്വം ബോർഡിന്റെ അനൗൺസ്‌മെന്റ് സെന്റർ .


