പീഡനക്കേസിലും ഡിഎൻഎ അട്ടിമറിയിലും കുടുങ്ങി കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ പുറത്തായി :

Crime Politics
Print Friendly, PDF & Email

തിരുവല്ല – വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയും, കുഞ്ഞിന്റെ ഡി.എൻ.എ പരിശോധന അട്ടിമറിക്കുകയും ചെയ്തുവെന്ന പരാതിയിൽ സി.പി.എം നേതാവിനെതിരേ അഞ്ചു വർഷത്തിന് ശേഷം പാർട്ടി നടപടി. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജി മോനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മറ്റി യോഗമാണ് നടപടിക്ക് ശുപാർശ ചെയ്തത്. പാർട്ടി സംസ്ഥാന കമ്മറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്രകമ്മറ്റിയംഗം ഉൾപ്പെടെ പങ്കെടുത്ത യോഗമാണ് നടപടിക്ക് ശിപാർശ ചെയ്തത്. സംഭവം നടന്ന് അഞ്ചു വർഷത്തിന് ശേഷമാണ് സജിമോനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത്. സി.പി.എം ഏരിയാ കമ്മറ്റിയിലെ വിഭാഗീയതയുടെ ഇരയാണ് സജിമോനെന്ന് പറയുന്നു.

സിപിഎം തിരുവല്ല നോർത്ത് ലോക്കൽ സെക്രട്ടറിയായിരിക്കുമ്പോഴാണ് സജിമോനെതിരേ പീഡന പരാതി ഉയർന്നത്. പരാതിക്കാരി ഗർഭിണി ആയി പ്രസവിച്ചതോടെ കുട്ടിയുടെ ഡി.എൻ.എ പരിശോധന നടത്താൻ തീരുമാനിച്ചു. പരിശോധനയ്ക്ക് സജിമോന്റെ രക്തസാമ്പിൾ ശേഖരിക്കുമ്പോൾ ആൾമാറാട്ടം നടത്തിയെന്ന് പരാതി ഉയർന്നു. ഇതിന് ഒത്താശ ചെയ്തുവെന്ന് ആരോപിച്ച് സീനീയർ സിവിൽ പോലീസ് ഓഫീസറെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. .ചുമത്ര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ മജിസ്‌ട്രേറ്റ് നേരിട്ടാണ് സജിമോനെതിരേ കേസ് എടുത്തത്. കോടതി ഉപാധികളോടെ സജിമോന് ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും ഡി.എൻ.എ അടക്കമുള്ള പരിശോധനകൾ നടത്താനുമായിരുന്നു ഹൈക്കോടതി നിർദേശം. ഇതിൻ പ്രകാരം രാത്രിയാണ് സജിമോൻ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായത്. തുടർന്നാണ് ആൾമാറാട്ടം അരങ്ങേറിയത്. അതിന് ശേഷം മറ്റൊരു പീഡന പരാതിയിലും സജിമോൾ ഉൾപ്പെട്ടിരുന്നു. വീട്ടമ്മയെ കാറിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പരാതിക്കാരിയെ പുറത്താക്കിയാണ് പാർട്ടി നടപടി എടുത്തത്. പോലീസ് അന്വേഷണവും കാര്യക്ഷമമായി ഉണ്ടായില്ല.

വളരെ ചെറിയ ഇടവേളയ്ക്ക് ശേഷം തിരുവല്ല ഏരിയാ കമ്മറ്റിയിൽ വിഭാഗീയത തലപൊക്കിയതാണ് അഞ്ചു വർഷത്തിന് ശേഷം സജിമോനെതിരേ നടപടി ഉണ്ടാകാൻ കാരണമായിരിക്കുന്നത്. ലോക്കൽ കമ്മറ്റി സെക്രട്ടറിയായി സജിമോനെ വീണ്ടും നിയമിക്കാൻ ഒരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി പാർട്ടിക്ക് പുറത്തായിരിക്കുന്നത്. തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണിയുടെ ഗ്രൂപ്പുകാരനാണ് സജിമോൻ. ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായി ചേരിപ്പോര് നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇവരുടെ വ്യക്തിപരമായതും പാർട്ടി പരമായതുമായ നിരവധി രഹസ്യങ്ങൾ പുറത്തു വരികയും വലിയ വാർത്തയാവുകയും ചെയ്തിരുന്നു. വിഭാഗീയതയുടെ ഭാഗമായിട്ടാണ് പരാതി സംസ്ഥാന കമ്മറ്റിക്ക് പോയതെന്നും പറയുന്നു. പീഡനക്കേസിൽ വിചാരണ നേരിടുന്ന സജിമോനെ പുറത്താക്കാൻ സംസ്ഥാന കമ്മറ്റി നിർദേശിക്കുകയായിരുന്നൂ.

Leave a Reply

Your email address will not be published. Required fields are marked *