ബൈലോ ഒക്കെ മറന്നു പുറത്താക്കാനുള്ള നീക്കം തിരിച്ചടിയാകുന്നു ; പത്തനംതിട്ട സിപിഐയിൽ വിഭാഗീയത രൂക്ഷം

Pathanamthitta Politics

പത്തനംതിട്ട – സംസ്ഥാന കമ്മറ്റിയില്‍ അടക്കം വിഭാഗീയത കൊടുമ്പിരിക്കെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയ നീക്കം തിരിച്ചടിക്കുന്നു. പുറത്താക്കാനുള്ള വ്യഗ്രതയില്‍ പാര്‍ട്ടി ഭരണഘടന പോലും മറികടന്നതാണ് വിനയായിരിക്കുന്നത്.

സി.പി.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എ.പി. ജയനെ പുറത്താക്കുകയും ബ്രാഞ്ചിലേക്ക് തരം താഴ്ത്തുകയും ചെയ്ത സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനം സാങ്കേതികത്വത്തില്‍ കുരുങ്ങി. പാര്‍ട്ടി ബൈലോയ്ക്ക് വിരുദ്ധമായി സംസ്ഥാന എക്‌സിക്യൂട്ടീവ് എടുത്ത തീരുമാനം തിരിച്ചടിയാകുമെന്ന് സൂചന. നവംബര്‍ 30 നാണ് ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനും ബ്രാഞ്ചിലേക്ക് തരം താഴ്ത്താനും സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ഇതേക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നായിരുന്നു ജയന്റെ പ്രതികരണം. അതിന് ശേഷം അദ്ദേഹം പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റി ഓഫീസില്‍ കയറിയിട്ടുമില്ല. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ജയനെതിരേ അനധികൃത സ്വത്തുസമ്പാദനം ആരോപിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതേപ്പറ്റി അന്വേഷിക്കാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് നാലംഗ കമ്മിഷനെ നിയോഗിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാനും തരംതാഴ്ത്താനുമുള്ള തീരുമാനം വന്നത്.

പാര്‍ട്ടി ബൈലോ അനുസരിച്ച് നടപടിക്ക് വിധേയനാകുന്ന ആളെ ആ വിവരം അറിയിക്കുകയും തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കുകയും വേണം. അദ്ദേഹം ഉള്‍ക്കൊളളുന്ന ഘടകം ഏതോ അവിടെയാകണം തീരുമാനം എടുക്കേണ്ടത്. ജില്ലാ സെക്രട്ടറി എന്ന നിലയില്‍ ജയന്‍ ഉള്‍ക്കൊള്ളുന്നത് ജില്ലാ കമ്മറ്റിയിലും സംസ്ഥാന കൗണ്‍സിലിലുമാണ്. ഈ ഘടകങ്ങളില്‍ ഏതെങ്കിലും ഒരെണ്ണമാണ് ജയനെതിരേ നടപടി സ്വീകരിക്കേണ്ടതും. ഇവിടെ സംസ്ഥാന എക്‌സിക്യൂട്ടീവ് ആണ് തീരുമാനം എടുത്തിരിക്കുന്നത്. എന്നാല്‍, ആ വിവരം നാളിതു വരെ നടപടിക്ക് വിധേയനായ ജയനെ അറിയിക്കുകയോ അദ്ദേഹം ഉള്‍ക്കൊള്ളുന്ന ഘടകങ്ങളായ സംസ്ഥാന കൗണ്‍സിലിലോ ജില്ലാ കമ്മറ്റിയിലോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്തില്ല. സംസ്ഥാന കൗണ്‍സില്‍ ചേരുന്നത് 28 നാണ്. സെക്രട്ടറി സ്ഥാനത്ത് നിന്ന് തരംതാഴ്ത്തപ്പെട്ട ജയനെ ഇനി സംസ്ഥാന കൗണ്‍സിലിലേക്ക് ക്ഷണിക്കാന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനം എങ്ങനെ നടപ്പില്‍ വരുത്തുമെന്നുള്ളതാണ് സാങ്കേതിക പ്രശ്‌നം. നിലവില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ ചുമതല മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന് നല്‍കിയിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ പക്ഷക്കാരുടെ ഏകപക്ഷീയമായ തീരുമാനമായിരുന്നു ജയനെ പുറത്താക്കുകയെന്നതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. കാനത്തിന്റെ മരണശേഷം സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ബിനോയ് വിശ്വം ഇനി എന്ത് തീരുമാനമാണ് എടുക്കാന്‍ പോകുന്നത് എന്ന് ഉറ്റുനോക്കുകയാണ് ജയനെ അനുകൂലിക്കുന്നവര്‍.

aകാനം രാജേന്ദ്രന്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ തിടുക്കപ്പെട്ടാണ് സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് ജയനെ പുറത്താക്കാന്‍ തീരുമാനം എടുത്തത്. കാനവും മന്ത്രി പി. പ്രസാദും അടങ്ങുന്ന ഗ്രൂപ്പിനെതിരേ ജയന്‍ നിലകൊണ്ടിരുന്നു. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ജയനെ പുറത്താക്കി പകരം അസിസ്റ്റന്റ് സെക്രട്ടറി ടി.ഡി. സജിയെ ജില്ലാ സെക്രട്ടറിയാക്കാനുള്ള നീക്കം നടന്നിരുന്നു. എന്നാല്‍, ജില്ലാ കൗണ്‍സിലിലും പാര്‍ട്ടിയിലും ജയന് സ്വാധീനമുള്ളതിനാല്‍ നടന്നില്ല. ഇത് കാനം പക്ഷത്തിന് നാണക്കേടാവുകയും ചെയ്തിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *