പന്തളം: വയോധികനായ സ്വന്തം പിതാവിനെ നടുറോഡിലിട്ട് കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് കഠിനതടവും പിഴ ശിക്ഷയും. പന്തളം തെക്കേക്കര പെരുമ്പുളിക്കൽ തച്ചടിയിൽ വീട്ടിൽ മഹേന്ദ്രൻ (44) നെയാണ് പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) നാലുവർഷത്തെ കഠിനതടവിനും 50,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.
നിയമപരമായി സംരക്ഷിക്കേണ്ട പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചു പോയ പ്രതി, പിന്നീട് ഇവരെ നിരന്തരം ഉപദ്രവിക്കുകയായിരുന്നു. 2024 നവംബർ 26-ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെരുമ്പുളിക്കൽ സ്കൂളിന് സമീപം ഇരിക്കുകയായിരുന്ന പിതാവിന്റെ അടുത്തെത്തിയ പ്രതി, മദ്യലഹരിയിൽ ഇയാളെ വലിച്ചിഴച്ച് ടാർ റോഡിലിടുകയായിരുന്നു. തുടർന്ന് ഇരുകാലുകളും പൊക്കിയെടുത്ത് കഴുത്തിൽ ചവിട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചും റോഡിലൂടെ വലിച്ചിഴച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
സംഭവത്തിൽ പന്തളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന കെ. ബി. അജിയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേളയിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വക്കറ്റ് അനിൽകുമാർ പി. ആർ. ഹാജരായി. കോടതി നടപടികൾ സബ് ഇൻസ്പെക്ടർ ബിനു കുമാർ ഏകോപിപ്പിച്ചു.


