കടം കൊടുത്ത പണം തിരിച്ചുചോദിച്ച വിരോധത്താൽ വീടുകയറി ഉപദ്രവം : നിരവധി കേസുകളിൽ പ്രതി അറസ്റ്റിൽ.

Crime Pathanamthitta
Print Friendly, PDF & Email

 കടം കൊടുത്ത പണം തിരികെ ചോദിച്ച കാരണത്താൽ വീട്ടിൽ കയറി വയോധികനെയും കൊച്ചുമകനെയും മർദ്ദിക്കുകയും, കരിങ്കല്ല് കൊണ്ട് പരിക്കേൽപ്പിക്കുകയും, മോട്ടോർ സൈക്കിളിന് കേടുവരുത്തുകയും ചെയ്ത കേസിൽ പ്രതിയെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. മോഷണം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ തണ്ണിത്തോട് തേക്കുതോട് പ്ലാൻറ്റേഷൻ മുക്ക് സതീഷ് ഭവനം വീട്ടിൽ സതീഷിന്റെ മകൻ സതീഷ് (39) ആണ് പിടിയിലായത്. റാന്നി പുതുശ്ശേരിമല കിഴക്കെവിള പുളിനിൽക്കുന്നതിൽ സോമരാജൻ നായരുടെ വീട്ടിൽ ഇന്നലെ രാത്രി എട്ടു മണിക്ക് അതിക്രമിച്ചകയറി, ഇദ്ദേഹത്തെ കയ്യിൽ കരുതിയ കരിങ്കല്ല് കൊണ്ട് ആക്രമിക്കുകയായിരുന്നു.  കൊച്ചുമകൻ അതുൽ കുമാറിന് കൊടുക്കാനുള്ള 500 രൂപ തിരികെ ചോദിച്ചതിലുള്ള വിരോധം കാരണം, മുറ്റത്തു നിന്ന അതുലിനെ കഴുത്തിനു കുത്തിപ്പിടിച്ച് മർദ്ദിക്കുകയും, അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ തടയാൻ ശ്രമിച്ച സോമരാജൻ നായരെ വീട്ടിൽ കയറി കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. വാരിയെല്ലിന്റെ ഇടതുഭാഗത്ത് ഇടിയേറ്റ് പൊട്ടി.

      തുടർന്ന്, വെട്ടുകത്തിയെടുത്ത് മുറ്റത്തിരുന്ന അതുലിന്റെ മോട്ടോർ സൈക്കിളിൽ വെട്ടി കേടുപാട് വരുത്തുകയും ചെയ്തു, 13000 രൂപയുടെ നഷ്ടം സംഭവിപ്പിച്ചു. വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി, അതുലിനെയും അമ്മയെയും വെട്ടാൻ ഓടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് വെട്ടുകത്തിയുമായി അക്രമസാക്തനായി നിന്ന സതീഷിനെ അനുനയത്തിലൂടെ രാത്രി 9 മണിയോടെ കസ്റ്റഡിയിലെടുകയായിരുന്നു. തുടർന്ന്, വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ചു. റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോമരാജൻ നായരുടെ മൊഴിവാങ്ങി കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം ആരംഭിച്ച പോലീസ്, കരിങ്കല്ല്, വെട്ടുകത്തി, ബൈക്ക് എന്നിവ സംഭവസ്ഥലത്തുനിന്നും ബന്തവസ്സിലെടുത്തു. ഇന്ന് രാവിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

സതീഷ് 2021 ൽ റാന്നി പോലീസ് രജിസ്റ്റർ ചെയ്ത മോഷണ കേസിലും, കോന്നി, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിലെ മൂന്ന് കേസുകളിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ് ഐ അനീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ സി പി ഓമാരായ സുമിൽ, ആൽവിൻ സുകേഷ് എന്നിവരാണുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *