വിരലിലെ മാംസത്തിൽ ആഴ്ന്നിറങ്ങിയ മോതിരം ഡോക്ടറുടെ സാന്നിദ്ധ്യത്തിൽ ഫയർ ഫോഴ്‌സ് മുറിച്ചെടുത്തു.

Pathanamthitta

അടൂർ: ഡീ അഡിക്ഷൻ സെന്ററിൽ ചികിൽസയിൽ കഴിയുന്ന യുവാവിന്റെ വിരലിലെ മാംസത്തിൽ ആഴ്ന്നിറങ്ങിയ മോതിരം ഡോക്ടറുടെ സാന്നിധ്യത്തിൽ ഫയർ ഫോഴ്‌സ് മുറിച്ചെടുത്തു. മിത്രപുരം ഗാന്ധിഭവൻ ഡീഅഡിക്ഷൻ സെന്ററിൽ ചികിത്സയ്ക്കായി പോലീസ് എത്തിച്ചിരുന്ന അരൂർ എഴുപുന്ന സ്വദേശി ജസ്റ്റിന്റെ (44) വിരലിൽ കുടുങ്ങിയ മോതിരമാണ് അടൂർ അഗ്‌നി രക്ഷാ സേന മുറിച്ച് മാറ്റി.

കഴിഞ്ഞ 29 ന് പോലീസ് ആണ് ജസ്റ്റിനെ ലഹരിമുക്ത കേന്ദ്രത്തിൽ എത്തിച്ചത്. ലഹരി മോചന കേന്ദ്രത്തിൽ എത്തിക്കുമ്പോൾ തന്നെ വിരലിൽ കെട്ട് ഉണ്ടായിരുന്നെങ്കിലും പിന്നീട് ഡോക്ടർ നടത്തിയ പരിശോധനയിലാണ് ഒരു സ്റ്റീൽ മോതിരം വിരലിൽ മുറുകി മാംസം അതിന് മുകളിൽ മൂടപ്പെട്ട അവസ്ഥയിലാണ് എന്ന് കണ്ടത്. വിവരം അറിഞ്ഞ പോലീസ് ജസ്റ്റിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പൂർണമായും വിരലിലെ മാംസത്തിനുള്ളിൽ അകപ്പെട്ടു പോയ മോതിരം മുറിച്ചുമാറ്റാൻ ആശുപത്രി അധികൃതർക്ക് കഴിയാതെ വന്നതോടെ പോലീസ് ജസ്റ്റിനുമായി ഫയർ സ്‌റ്റേഷനിൽ എത്തുകയായിരുന്നു. എന്നാൽ വിദഗ്ദനായ ഡോക്ടറുടെ അസാന്നിധ്യത്തിൽ മാംസത്തിനുള്ളിൽ കുടുങ്ങിയിരിക്കുന്ന സ്റ്റീൽ വളയം മുറിക്കുന്നത് ആളിന്റെ ജീവന് തന്നെ ഭീഷണിയാകാൻ ഉള്ള സാധ്യത കണക്കിലെടുത്ത് ജസ്റ്റിനെ ആശുപത്രിയിൽ എത്തിച്ച് ഒരു സർജന്റെ കൂടി സാന്നിധ്യത്തിൽ സ്റ്റീൽ വളയം മുറിച്ച് നൽകാം എന്ന് ഫയർ ഫോഴ്‌സ് അധികൃതർ പോലീസിനെ അറിയിച്ചു. സർജന്റെ സേവനം ലഭ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് സ്‌റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ബി. സന്തോഷ് കുമാർ, ഫയർ ഓഫീസർമാരായ ഡി. പ്രശോഭ്. ഡി, എ അനീഷ് കുമാർ, ഡിപിൻ എന്നിവർ ആശുപത്രിയിൽ എത്തി. ആശുപത്രി അധികൃതർ ജസ്റ്റിന്റെ കൈ മരവിപ്പിച്ച ശേഷം ഫയർ ഫോഴ്‌സ് കട്ടർ ഉപയോഗിച്ച് വിരലിലെ വളയം മുറിച്ച് നീക്കം ചെയ്തു. മുറിവുണ്ടായ വിരലിൽ മരുന്ന് വച്ച് ഡോക്ടർ തുന്നി കെട്ടി. സർജൻ ഡോ. ബെൻ റോയിയുടെ സാന്നിധ്യത്തിൽ ആയിരുന്നു ഫയർഫോഴ്‌സിന്റെ രക്ഷാപ്രവർത്തനം. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *