കൊച്ചി ബ്ലൂ ടൈഗേഴ്സിനെ സലി സാംസൺ നയിക്കും; ബേസിൽ തമ്പി വൈസ് ക്യാപ്റ്റൻ: പ്രഖ്യാപനവുമായി ക്രിസ് ഗെയിൽ

Sports

ലണ്ടൻ: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ സലി സാംസൺ നയിക്കും. ക്രീസിലെ ഇതിഹാസ താരവും ടീം സഹഉടമയുമായ ക്രിസ് ഗെയിയിലാണ് നായകനെയും വൈസ് നായകനെയും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യൻ താരം സഞ്ജു സാംസണിന്റെ സഹോദരനായ സലി സാംസൺ ഇത് രണ്ടാം തവണയാണ് ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനാകുന്നത്. ആദ്യ സീസണിൽ ടീമിനെ നയിച്ച അനുഭവസമ്പന്നനായ പേസ് ബൗളർ ബേസിൽ തമ്പിയാണ് വൈസ് ക്യാപ്റ്റൻ.

ടീം ഉടമ സുഭാഷ് മാനുവലിനൊപ്പം ലണ്ടനിൽ വെച്ചാണ് ക്രിസ് ഗെയിൽ പ്രഖ്യാപനം നടത്തിയത്. ടീമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ വിവരവും ഒപ്പം “വൺസ് എ ബ്ലൂടൈഗേഴ്സ്, ഓൾവെയ്സ് എ ബ്ലൂ ടൈഗേഴ്സ്” എന്ന പുതിയ ടീം സ്ലോഗനും പുറത്തുവിട്ടത്.

കഴിഞ്ഞ സീസണിൽ കൊച്ചിയെ കിരീടത്തിലേക്ക് നയിച്ച സലി സാംസണിന്റെ സമാനതകളില്ലാത്ത നേതൃപാടവവും ബേസിൽ തമ്പിയുടെ വലിയ സാന്നിധ്യവും ടീമിന് വലിയ കരുത്താകുമെന്ന് ക്രിസ് ഗെയിൽ പറഞ്ഞു. ഈ കൂട്ടുകെട്ടിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും കിരീടം നിലനിർത്താൻ കൊച്ചിക്ക് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഈ മാസം കേരളത്തിലെത്തുന്ന ഗെയിൽ, കൊച്ചിയുടെ മത്സരം നേരിട്ട് കാണാൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തും. ആരാധകരുടെ വലിയ പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു.

സലിയുടെയും ബേസിലിന്റെയും നേതൃത്വത്തിൽ ബ്ലൂ ടൈഗേഴ്സ് പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും ചാമ്പ്യൻപട്ടം നിലനിർത്താൻ കൂടുതൽ ശക്തമായ ടീമിനെയാണ് ഇത്തവണ കളത്തിലിറക്കുന്നതെന്നും ടീം ഉടമ സുഭാഷ് മാനുവൽ വ്യക്തമാക്കി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *