തിരുവല്ല – മഴക്കെടുതി മൂലം ദുരന്തം അനുഭവിക്കുന്ന ജില്ലയിലെ ജനങ്ങള്‍ക്കൊപ്പം എല്ലാ പിന്തുണയുമായി സര്‍ക്കാര്‍ ഉണ്ടെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍. വീടുകളുടെ ശുചീകരണത്തിന് സര്‍ക്കാര്‍ 10,000 രൂപയുടെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറിക്കഴിഞ്ഞാല്‍ അവര്‍ ക്യാമ്പില്‍ വന്നാലും ഇല്ലെങ്കിലും ബന്ധുവീടുകളിലോ മറ്റു സ്ഥലങ്ങളിലോ താമസിച്ചാലും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കും. മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയിലുണ്ടായ സാഹചര്യം വിലയിരുത്താന്‍ തിരുവല്ല പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കടകള്‍ വൃത്തിയാക്കി വീണ്ടും ആരംഭിക്കുന്നതിന് വ്യാപാരികള്‍ക്കും 10,000 രൂപ വീതം നല്‍കും. നിലവില്‍ കച്ചവടക്കാര്‍ക്കുള്ള വായ്പ പദ്ധതി പരിഷ്‌കരിക്കും. കൃഷിനാശത്തിന് നല്‍കുന്ന ധനസഹായം 25 ശതമാനം വര്‍ധിപ്പിക്കും. ജനപ്രതിനിധികള്‍ക്കൊപ്പം റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റു വകുപ്പുകള്‍ എന്നിവ ദുരന്തമുഖത്ത് കാര്യക്ഷമമായി ഇടപെട്ടു. സന്നദ്ധ സംഘടനകളുടെ സേവനവും ഉണ്ടായിരുന്നു. എല്ലാവരും ഉയര്‍ന്നു പ്രവര്‍ത്തിച്ചതുകൊണ്ടാണ് നല്ല രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനായത്.
റോഡുകളുടെ കാര്യം പ്രത്യേകം പരിഗണിക്കും. വലിയ രീതിയില്‍ റോഡുകളുടെ തകര്‍ച്ചയുണ്ടായിട്ടുണ്ട്. അതിന്റെ കണക്കെടുത്ത് ദുരന്തനിവാരണ ഫണ്ടില്‍ ഉള്‍പ്പെടുത്തി നന്നാക്കും. കാലവര്‍ഷക്കെടുതി ഉണ്ടായാല്‍ ആദ്യം ശ്രദ്ധിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിനാണ്. പിന്നീട് റവന്യൂ ഉദ്യോഗസ്ഥര്‍ നഷ്ടങ്ങളുടെ കൃത്യമായ കണക്കെടുക്കും. ഓരോ പ്രദേശത്തെയും വാര്‍ഡുകളില്‍ എത്ര വീടുകളില്‍ വെള്ളം കയറി, ആരൊക്കെ വീടുകളില്‍ നിന്ന് മാറി, ആ വീടുകള്‍ എത്ര ശുചീകരിക്കാനുണ്ട് അതൊക്കെ അറിയുന്നവര്‍ ജനപ്രതിനിധികളാണ്. ജനപ്രതിനിധികള്‍ ഈ കാര്യത്തില്‍ സജീവമായി ഇടപെടുന്നു. ഏകദേശം 8,000 ത്തിനടുത്ത് ആളുകള്‍ തിരുവല്ല നിയോജകമണ്ഡലത്തിലെ വിവിധ ക്യാമ്പുകളിലുണ്ട്. ക്യാമ്പുകളില്‍ അവശ്യസൗകര്യം ഉറപ്പാക്കിയതില്‍ ജനപ്രതിനിധികളെയും ജില്ല ഭരണകൂടത്തെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
ജില്ലയില്‍ 142 ക്യാമ്പുകളിലായി 3331 കുടുംബങ്ങളിലെ 10570 പേര്‍ നിലവിലുണ്ട്. ഏറ്റവും കൂടുതല്‍ ക്യാമ്പ് തിരുവല്ല താലൂക്കിലാണ്, 101 എണ്ണം. കോഴഞ്ചേരി 18, കോന്നി രണ്ട്, അടൂര്‍ ആറ്, റാന്നി ആറ്, മല്ലപ്പള്ളി ഒമ്പത് എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ കണക്ക്. അടൂര്‍, റാന്നി താലൂക്കുകളില്‍ ഓരോ വീട് പൂര്‍ണമായും തകര്‍ന്നു. കോഴഞ്ചേരി ഒമ്പത്, കോന്നി 17, മല്ലപ്പള്ളി മൂന്ന്, അടൂര്‍ നാല്, തിരുവല്ല 70, റാന്നി 23 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
യോഗത്തില്‍ വര്‍ഗീസ് മാമ്മന്‍ എംഎല്‍എ, ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍, തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍ എസ് ലേഖ, ജില്ല പഞ്ചായത്ത് അംഗം സാം ഈപ്പന്‍, സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


