നവകേരളാ സദസ് ഡിസംബർ 17 ന് രാവിലെ 11ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സംസ്ഥാനസർക്കാരിന്റെ വികസനക്ഷേമപദ്ധതികൾ വിശദീകരിക്കാനും ജനകീയപ്രശ്നങ്ങൾ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങൾക്കു മുന്നിലെത്തുന്ന നവകേരള സദസ്സിനായി ആറന്മുള മണ്ഡലം ഒരുങ്ങി കഴിഞ്ഞുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. നവകേരളസദസുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ ഒരുക്കങ്ങളും മികച്ച പങ്കാളിത്തവും ഉറപ്പാക്കണം. ആറന്മുള മണ്ഡലത്തിലെ സദസ് വിജയിപ്പിക്കുന്നതിന് നിരന്തരമായ പരിശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബർ 17 ന് രാവിലെ പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രഭാതയോഗത്തിൽ സമൂഹത്തിന്റെ വിവിധ മേഖലയിലെ പ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും. തുടർന്ന് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. ജില്ലാ സ്റ്റേഡിയത്തിൽ രാവിലെ ഒൻപത് മുതൽ 11 വരെ കലാപരിപാടികൾ അരങ്ങേറും. നിവേദനം സ്വീകരിക്കുന്ന കൗണ്ടറുകൾ രാവിലെ എട്ട് മുതൽ പ്രവർത്തിക്കും. ഭിന്നശേഷിക്കാർ , സ്ത്രീകൾ, മുതിർന്ന പൗരന്മാർ, പൊതുവായവ എന്നിങ്ങനെ വെവ്വേറെ കൗണ്ടറുകൾ സജ്ജീകരിക്കും. ജനങ്ങളുമായി സംവദിക്കുന്ന വീട്ടുമുറ്റസദസുകൾ ആറന്മുള മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും പൂർത്തിയാക്കി. മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത്, നവകേരളം നവലോകമുദ്രകൾ എന്ന പേരിലുള്ള ബ്രോഷർ തുടങ്ങിയവ വീട്ടുമുറ്റ സദസ്സുകളിലുടെ ഓരോ കുടുംബങ്ങളിലേക്കും എത്തിച്ചു.

13, 14 തീയതികളിൽ മണ്ഡലത്തിലെ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വിളംബരഘോഷയാത്രകൾ ഓരോ പഞ്ചായത്തുകളിലുമായി സംഘടിപ്പിക്കും. 15 ന് വൈകിട്ട് നാല് മണിക്ക് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷൻ മുതൽ അബാൻ ജംഗ്ഷൻ വരെ വിളംബരഘോഷയാത്ര സംഘടിപ്പിക്കും. സദസ് നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ ജില്ലാ സ്റ്റേഡിയത്തിൽ പൂർത്തിയാക്കി വരികയാണ് ടോയ്‌ലെറ്റുകൾ, കുടിവെള്ളം തുടങ്ങിയവ സ്റ്റേഡിയത്തിൽ ഉറപ്പാക്കും. ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ ജില്ലാ സ്റ്റേഡിയം വൃത്തിയാക്കും.

നഗരസഭാദ്ധ്യക്ഷൻ അഡ്വ. ടി സക്കീർ ഹുസൈൻ, അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബി രാധാകൃഷ്ണൻ, ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *