പോലീസിന് നേരെ കൊലവിളിയുമായി സിപിഎം നേതാവ് ഉദയഭാനു

Pathanamthitta
Print Friendly, PDF & Email

മല്ലപ്പള്ളി: നിയമപാലകർക്ക് നേരെ പരസ്യ ഭീഷണിയുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു. ഒളിവിലായിരുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് അർജുൻ ആയങ്കിയെ തേടി മല്ലപ്പള്ളിയിലെ വീടുകളിൽ പരിശോധനയ്‌ക്കെത്തിയ പോലീസുകാരെയാണ് പരസ്യമായി കൊലവിളിച്ച് നേതാവ് വെല്ലുവിളിച്ചത്. ‘പോലീസുകാർക്കും അമ്മയും പെങ്ങന്മാരുമുണ്ട്… പോലീസുകാർക്കും വീടുകളുണ്ട്… അവിടെ ഞങ്ങളും കയറും!’ എന്നായിരുന്നു ഉദയഭാനുവിന്റെ പരസ്യ ഭീഷണി.

മല്ലപ്പള്ളി കാട്ടാമലയിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ അർജ്ജുൻ ആയങ്കിക്കായി അർദ്ധരാത്രി പോലീസ് പരിശോധന നടത്തിയതാണ് നേതാക്കളെ ചൊടിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ച് പെരുമ്പെട്ടി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിലായിരുന്നു ക്രമസമാധാന സംവിധാനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടുള്ള ഈ പ്രസംഗം. കാട്ടാമലയിലെ വീടുകളിൽ കയറിയ പോലീസുകാരെ ഒന്നൊന്നായി നോക്കിവച്ചിട്ടുണ്ടെന്നും അനുഭവിക്കുമെന്നും ഉദയഭാനു ഭീഷണിപ്പെടുത്തി.

യുഡിഎഫിന്റെ കൈയിലെ പോലീസ് ഭ്രാന്തന്റെ കൈയിലെ ചൂട്ട് പോലെയാണെന്നും നാട് കത്തിക്കാനാണ് ശ്രമമെന്നും ഉദയഭാനു ആരോപിച്ചു. പോലീസ് നടപടി അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും പറഞ്ഞു. അർജ്ജുൻ ആയങ്കി കാട്ടാമലയിലുണ്ടെന്ന് പോലീസ് വെളിപ്പെടുത്തണമെന്നും, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് നാടകം കളിച്ചതെന്നും ആരോപിച്ച് പോലീസിനെതിരെ ആഞ്ഞടിക്കുകയായിരുന്നു സിപിഎം നേതൃത്വം.

Leave a Reply

Your email address will not be published. Required fields are marked *